കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ദങ്കര്‍ക്കെതിരെ അഴിമതി ആരോപണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജെയ്ന്‍ ഹവാല കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് ദങ്കറെന്ന് മമത ആരോപിച്ചു.
ദങ്കറിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മൂന്ന് കത്തുകള്‍ താന്‍ നല്‍കിയിരുന്നതായും മമത പറഞ്ഞു. തന്റെ സര്‍ക്കാരിന് വലിയ ഭൂരിപക്ഷം ലഭിച്ചിട്ടും ഗവര്‍ണര്‍ ഏകാധിപതിയെ പോലെ പെരുമാറുന്നതെന്തിനാണെന്നും മമത ചോദിച്ചു.
1990 കളില്‍ ചര്‍ച്ചയായി വലിയ അഴിമതികളിലൊന്നായിരുന്നു ജെയ്ന്‍ ഹവാല കേസ്. ജെയ്ന്‍ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന നാല് ഹവാല ബ്രോക്കര്‍മാര്‍ രാജ്യത്തെ പല രാഷ്ട്രീയക്കാര്‍ക്കുമായി നൂറ് കോടിയലധികം രൂപ നല്‍കിയെന്നാണ് കേസ്.
മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനിയുടെ പേരടക്കം പരാമര്‍ശിക്കപ്പെട്ട കേസാണ് ജെയ്ന്‍ ഹവാല കേസ്.
ഹവാല പണമിടപാടുകാരായ എസ്.കെ. ജെയിന്‍, ബി.ആര്‍. ജെയിന്‍, എന്‍.കെ. ജെയിന്‍ എന്നിവര്‍ അദ്വാനിക്കു പുറമെ, കോണ്‍ഗ്രസ് നേതാക്കളായ വി.സി. ശുക്ല, മാധവ് റാവു സിന്ധ്യ, പി. ശിവശങ്കര്‍, അന്നു ജനതാദളിലായിരുന്ന ശരദ് യാദവ് തുടങ്ങിയവര്‍ക്കു പണം നല്‍കിയെന്നാണ് സി.ബി.ഐ. പിടിച്ചെടുത്ത 2 ഡയറികളുടെ അടിസ്ഥാനത്തില്‍ ആരോപിക്കപ്പെട്ടത്.
എന്നാല്‍, ഡയറിയിലെ പരാമര്‍ശം മാത്രം മതിയായ തെളിവാകില്ലെന്നും, മറ്റു തെളിവുകള്‍ക്ക് പിന്‍ബലമാക്കാന്‍ മാത്രമേ അവ ഉപകരിക്കുകയുള്ളുവെന്നുമാണ് എല്ലാവരെയും വിട്ടയച്ച വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്.
അതേസമയം ബംഗാള്‍ നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ജൂലൈ രണ്ടിനാണ് ബംഗാളില്‍ നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. ദങ്കറിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടും.
തെരഞ്ഞെടുപ്പിന് മുന്‍പും സംസ്ഥാന സര്‍ക്കാരുമായി ദങ്കര്‍ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ഒരുവേള സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുകയും ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.