പാര്‍ട്ടി അംഗമായാല്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നിയമനം ലഭിക്കും: ഗവര്‍ണര്‍
Kerala News
പാര്‍ട്ടി അംഗമായാല്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നിയമനം ലഭിക്കും: ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th June 2023, 12:42 pm

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ നിയമനം ലഭിക്കണമെങ്കില്‍ പാര്‍ട്ടി അംഗമായിരിക്കണം എന്നതാണ് സംസ്ഥാനത്തെ നിലവിലെ സ്ഥിതിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യോഗ്യതയില്ലാതെ പി.എച്ച്.ഡി അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയില്‍ അംഗമായിരിക്കണമെന്നതാണ് അവസ്ഥയെന്നും ഗവര്‍ണര്‍ പറഞ്ഞു.

‘കേരളത്തില്‍ ക്രൈം നിരക്ക് കുറവാണെങ്കിലും നിയമം കയ്യിലെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി യൂണിയനുകളും തൊഴിലാളി യൂണിയനുകളുമെല്ലാം ജനാധിപത്യത്തില്‍ ആവശ്യമാണ്. എന്നാല്‍ നിങ്ങള്‍ക്കൊരു പാര്‍ട്ടി അംഗത്വമുണ്ടെങ്കില്‍ എന്തുമാകാമെന്ന സ്ഥിതിയാണ്.

പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ അംഗമാണെങ്കില്‍ നിങ്ങള്‍ക്ക് പല ആനുകൂല്യങ്ങളും ലഭിക്കും. നിങ്ങള്‍ക്ക് പ്രത്യേക അധികാരങ്ങള്‍ ലഭിക്കും. എന്ത് നിയമലംഘനങ്ങള്‍ വേണമെങ്കിലും നടത്താമെന്ന നിലയാണ്.

യോഗ്യതയില്ലെങ്കിലും സര്‍വകലാശാലയില്‍ നിയമനം ലഭിക്കും. ദൗര്‍ഭാഗ്യവശാല്‍ ഇതാണ് ഇന്നത്തെ അവസ്ഥ. ഇത്തരം നിരവധി കാര്യങ്ങള്‍ നടക്കുന്നു. വിഷയം തന്റെ മുന്നിലെത്തിയാല്‍ നടപടി സ്വീകരിക്കും,’ ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തിലെ പാതി സര്‍വകലാശാലകളിലും വൈസ് ചാന്‍സ്‌ലര്‍മാരില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ‘നോമിനികളെ അയക്കേണ്ടെന്ന് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മറ്റു സര്‍വകലാശാലകളിലും അടുത്ത രണ്ടു മൂന്ന് മാസങ്ങള്‍ക്കകം വൈസ് ചാന്‍സ്‌ലര്‍മാരുടെ പദവികള്‍ ഒഴിയാന്‍ പോകുകയാണ്.

ഞാന്‍ ഒരു വര്‍ഷത്തിന് ശേഷം പദവിയൊഴിയുമ്പോള്‍ വരുന്ന ആള്‍ ഇത്തരം ക്രമരഹിതവും നിയമവിരുദ്ധവുമായ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുമെന്നാണോ സര്‍ക്കാര്‍ കരുതുന്നതെന്ന് അറിയില്ല,’ ഗവര്‍ണര്‍ പറഞ്ഞു.

Content Highlights: governor criticize university situation in kerala