| Friday, 28th February 2025, 4:04 pm

ജൂതവിരുദ്ധമെന്നാരോപിച്ച് ന്യൂയോര്‍ക്ക് സിറ്റി യൂണിവേഴ്‌സിറ്റി ഫലസ്തീന്‍ പഠനശാഖയിലെ അധ്യാപക തസ്തിക റദ്ദാക്കി ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജിലെ ഫലസ്തീന്‍ പഠനവകുപ്പുകളിലെ അധ്യാപക നിയമനം റദ്ദാക്കാന്‍ ഉത്തരവിട്ട് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ 25 കോളേജുകളില്‍ ഒന്നായ ഹണ്ടര്‍ കോളേജിലാണ് സംഭവം. കോളേജിലെ ഫലസ്തീന്‍ പഠനവകുപ്പിലെ ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഭാഗത്തിലേക്ക് ഫാക്കല്‍റ്റികളെ ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് പരസ്യം പ്രസിദ്ധീകരിച്ചിരുന്നു.

ഫലസ്തീനുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളായ ‘കുടിയേറ്റ കോളോണിയലിസം, വംശഹത്യ, മനുഷ്യാവകാശങ്ങള്‍, വര്‍ണവിവേചനം, കുടിയേറ്റം, കാലാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളുടെ നശീകരണം, ആരോഗ്യം, വംശം, ലിംഗം, ലൈംഗികത’ എന്നിവയുള്‍പ്പെടെയുള്ളവയില്‍ നിര്‍ണായകമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്താന്‍ ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് ഫാക്കല്‍റ്റികളെ തേടുന്നു എന്നാണ് പരസ്യത്തില്‍ പറഞ്ഞിരുന്നത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് യൂണിവേഴ്‌സിറ്റിയുടെ വെബ്സൈറ്റില്‍ ഫാക്കല്‍റ്റി നിയമനവുമായി ബന്ധപ്പെട്ട പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം ഇത് നീക്കം ചെയ്യപ്പെട്ടു.

ഫലസ്തീന്‍ പഠനവകുപ്പില്‍ ഫാക്കല്‍റ്റി നിയമനം നടത്തുന്നതില്‍ ഏറെ സന്തോഷിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് ക്യാമ്പസിലെ സോഷ്യോളജി പ്രൊഫസര്‍ ഹീബ ഗോവായ്ദ് സമൂഹമാധ്യമം വഴി പ്രതികരിച്ചിരുന്നു.

‘ഫലസ്തീന്‍ പഠന ക്ലസ്റ്റര്‍ നിയമനം പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു ഫാക്കല്‍റ്റി അംഗമെന്ന നിലയില്‍ ഇതെനിക്ക് അഭിമാനമാണ്. ഇവിടെ ജോലി ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നതിന്റെ നിരവധി കാരണങ്ങളില്‍ ഒന്നാണിത്. അക്കാദമിക് മേഖലയിലെ ഏറ്റവും ഭാഗ്യവതിയായ വ്യക്തിയാണ് ഞാന്‍. ഇത്രയധികം ഭീകരതയ്ക്കിടയില്‍ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയതില്‍ ഹണ്ടര്‍ ഭരണകൂടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു,’ ബ്ലൂസ്‌കൈ പോസ്റ്റില്‍ ഹീബ ഗോവായ്ദ് കുറിച്ചു.

തുടര്‍ന്നാണ് ഡെമോക്രാറ്റിക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ ‘ക്ലാസ് മുറിയില്‍ സെമിറ്റിക് വിരുദ്ധ സിദ്ധാന്തങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍’ നിയമനം റദ്ദാക്കാന്‍ ഉത്തരവിട്ടത്. തൊട്ടുപിന്നാലെ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഫെലിക്‌സ് റോഡ്രിഗസും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍പേഴ്സണ്‍ വില്യം സി തോംസണ്‍ ജൂനിയറും നിയമനം നീക്കം ചെയ്യാനുള്ള ഹോച്ചുളിന്റെ തീരുമാനത്തോട് യോജിക്കുന്നതായി പ്രഖ്യാപിച്ചു. കൂടാതെ സര്‍വകലാശാല യഹൂദവിരുദ്ധതയെ നേരിടുന്നത് തുടരുമെന്ന് ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം യൂണിവേഴ്‌സിറ്റിയിലെ 30,000 ഫാക്കല്‍റ്റിയെയും സ്റ്റാഫുകളെയും പ്രതിനിധീകരിക്കുന്ന തൊഴിലാളി യൂണിയനായ പ്രൊഫഷണല്‍ സ്റ്റാഫ് കോണ്‍ഗ്രസ് നിയമനം റദ്ദാക്കിയത് അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് വിശേഷിപ്പിച്ച് ഇരുവര്‍ക്കും കത്ത് അയച്ചിട്ടുണ്ട്.

‘ഞങ്ങള്‍ സെമിറ്റിസത്തിനെതിരായ നീക്കങ്ങളെയും എല്ലാത്തരം വിദ്വേഷങ്ങളെയും എതിര്‍ക്കുന്നു, പക്ഷേ ഈ നീക്കം വിപരീതഫലമാണ് ഉണ്ടാക്കുന്നത്. അക്കാദമിക് പഠനത്തിന്റെ മുഴുവന്‍ മേഖലയെയും മറികടക്കുന്നത് അധികാരത്തിന്റെ അതിരുകടന്ന കടന്നുകയറ്റമാണ്,’ കത്തില്‍ പറയുന്നു.

നിയമനങ്ങള്‍ നീക്കം ചെയ്യാനുള്ള ഹോച്ചുളിന്റെ ഉത്തരവിനെതിരെ കോളേജില്‍ പ്രതിഷേധങ്ങളും നടത്തിയിരുന്നു.

Content Highlight: Governor cancels faculty position at New York City University’s Palestine Studies department over anti-Semitic accusations

We use cookies to give you the best possible experience. Learn more