'മുഖ്യമന്ത്രി മികച്ച ഭരണാധികാരി, കെ കെ ശൈലജയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു'; യുദ്ധസമാനമായ സാഹചര്യത്തിലൂടെ പോകുമ്പോള്‍ കുറ്റം പറയുകയല്ല വേണ്ടതെന്നും ഗവര്‍ണര്‍
Kerala News
'മുഖ്യമന്ത്രി മികച്ച ഭരണാധികാരി, കെ കെ ശൈലജയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു'; യുദ്ധസമാനമായ സാഹചര്യത്തിലൂടെ പോകുമ്പോള്‍ കുറ്റം പറയുകയല്ല വേണ്ടതെന്നും ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th April 2020, 8:13 am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിവുറ്റ നേതാവാണെന്നും മികച്ച ഭരണാധികാരിയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോഗ്യ മന്ത്രി കെ. കെ ശൈലജ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

‘കഴിവുറ്റ ഭരണാധികാരിയായാണ് ഞാന്‍ അദ്ദേഹത്തെ നോക്കിക്കാണുന്നത്. അദ്ദേഹം ഒരു മികച്ച ഭരണാധികാരിയുമാണ്. സംസ്ഥാന താത്പര്യത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രയത്‌നിക്കുന്ന വ്യക്തികൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍,’ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ആരോഗ്യ മന്ത്രി കെ. കെ ശൈലജയെ നേരിട്ടു വിളിച്ച് അഭിനന്ദിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

‘ഞാന്‍ ആരോഗ്യ മന്ത്രി കെ. കെ ശൈലജയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ആരോഗ്യമന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്,’ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ആരോഗ്യമന്ത്രിയും മറ്റു മന്ത്രിമാരും കൊവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധ സമാനമായ സാഹചര്യത്തിലൂടെ രാജ്യം കടന്നു പോകുമ്പോള്‍ ആരെയും കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിലപാടുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ഉടന്‍ പരിഹാരം ഉണ്ടാകുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു.

സാഹചര്യങ്ങള്‍ വ്യക്തമായി തന്നെ പഠിക്കേണ്ടതുണ്ട്. അതതു രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ പഠിച്ച ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.