| Thursday, 7th March 2024, 6:13 pm

നിയമനത്തിൽ ചട്ടം പാലിച്ചില്ലെന്ന് ആരോപണം; കാലിക്കറ്റ്‌, കാലടി സർവകലാശാലകളിലെ വി.സിമാരെ പുറത്താക്കി ഗവർണർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിയമനത്തിൽ യു.ജി.സി ചട്ടവും നിയമവും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കാലിക്കറ്റ്, സംസ്കൃത സർവകലാശാലകളിലെ വി.സിമാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

കാലിക്കറ്റ് സർവകലാശാല വി.സി ഡോക്ടർ എം.കെ. ജയരാജ്, കാലടി സംസ്കൃത സർവകലാശാല വി.സി ഡോക്ടർ എൻ.വി. നാരായണൻ എന്നിവരെയാണ് പുറത്താക്കിയത്.

10 ദിവസത്തിനകം സ്ഥാനമൊഴിയണമെന്നാണ് ഗവർണറുടെ ഉത്തരവ്. കാലിക്കറ്റ് വി.സി നിയമനത്തിന്റെ സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും സംസ്കൃത സർവകലാശാലയിൽ പാനലിന് പകരം ഒരു പേര് മാത്രം സമർപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് നടപടി.

അതേസമയം കേരള ഡിജിറ്റൽ സർവകലാശാല, ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല വി.സിമാരുടെ നിയമനത്തിൽ യു.ജി.സിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. ഓപ്പൺ സർവ്വകലാശാല വി.സി ഡോ. പി.എം. മുബാറക് പാഷാ രാജിക്കത്ത് നൽകിയിരുന്നെങ്കിലും ഗവർണർ അത് സ്വീകരിച്ചിരുന്നില്ല.

സർവ്വകലാശാല വി.സിയുടെ ആദ്യ നിയമനം സർക്കാർ ശുപാർശ പ്രകാരം ചാൻസലർ നടത്തണമെന്ന സർവ്വകലാശാല നിയമത്തിലെ വ്യവസ്ഥയാണ് ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടുന്നത്.

ഡിജിറ്റൽ സർവകലാശാല വി.സി രാജ്ഭവനിലെ ഹിയറിങ്ങിന് നേരിട്ട് ഹാജരായിരുന്നു. കാലിക്കറ്റ് വി.സിക്ക് വേണ്ടി അഭിഭാഷകൻ നേരിട്ടും സംസ്കൃത സർവകലാശാല വി.സിക്ക് വേണ്ടി അഭിഭാഷകൻ ഓൺലൈനിലും ഹാജരായി.

ഓപ്പൺ സർവകലാശാല വി.സി മുമ്പ് രാജിക്കത്ത് നൽകിയതിനാൽ ഹാജരായിരുന്നില്ല.

കാലാവധി പൂർത്തിയാകാൻ നാലുമാസം ശേഷിക്കേയാണ് കാലിക്കറ്റ് വി.സിയെ പുറത്താക്കുന്നത്.

CONTENT HIGHLIGHT: Governor Arif Muhammed Khan expelled Calicut, Kalady VCs

We use cookies to give you the best possible experience. Learn more