| Monday, 18th December 2023, 11:57 am

എസ്.എഫ്.ഐ അല്ലാത്ത വിദ്യാർത്ഥികൾ എനിക്കെതിരെ പ്രതിഷേധിച്ചിട്ടില്ല, എസ്.എഫ്.ഐക്ക് സർവകലാശാലകൾ നിയന്ത്രിക്കാൻ കഴിയാത്ത അമർഷം: ഗവർണർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരള പൊലീസ് രാജ്യത്തെ മികച്ച പൊലീസ് ആയിട്ടും സ്വതന്ത്രമായി പ്രവർത്തിക്കാൻ അവർക്ക് സാധിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ.

പൊലീസ് നിഷ്ക്രിയമാകാൻ കാരണം മുഖ്യമന്ത്രിയാണെന്ന് കാലിക്കറ്റ്‌ സർവകലാശാലയിൽ വെച്ച് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

‘രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന കേരളത്തിലേതാണ്. എന്നാൽ അവരുടെ ചുമതല നിർവഹിക്കാൻ അവർക്ക് സാധിക്കുന്നില്ല. പൊലീസ് നിഷ്ക്രിയമാകാൻ കാരണം മുഖ്യമന്ത്രിയാണ്,’ ഗവർണർ പറഞ്ഞു.

ദശാബ്ദങ്ങളായി കണ്ണൂരിൽ നടക്കുന്ന ആക്രമണങ്ങൾക്ക് കാരണം പിണറായി വിജയനാണെന്നും ജനങ്ങളെ ഭയപ്പെടുത്തുകയാണ് പിണറായി വിജയന്റെ രീതിയെന്നും ഗവർണർ പറഞ്ഞു.

തനിക്ക് ആരെയും ഭയമില്ലെന്നും തനിക്ക് സെക്യൂരിറ്റി വേണ്ടെന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

35 വയസിൽ ഭയമില്ലാത്ത തനിക്ക് 70 വയസിലും ഭയമില്ലെന്നും ഗവർണർ പറഞ്ഞു.

എസ്.എഫ്.ഐ അല്ലാതെ മറ്റ് വിദ്യാർത്ഥികളൊന്നും തനിക്കെതിരെ പ്രതിഷേധിച്ചിട്ടില്ലെന്നും സുപ്രീം കോടതിയുടെ വിധിയെ തുടർന്ന് തങ്ങൾക്ക് സർവകലാശാലകൾ അടക്കി വാഴാൻ ഇനി സാധിക്കില്ലെന്ന് മനസിലാക്കിയതിനെ തുടർന്നാണ് അവർ തനിക്കെതിരെ നീങ്ങിയതെന്നും ആരിഫ് മുഹമ്മദ്‌ ഖാൻ പറഞ്ഞു.

കേരളത്തിലെ വി.സിമാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു.

ഗവർണരുടേത് വില്പനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആർക്കാണ് ഉൾക്കൊള്ളാൻ കഴിയുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചിരുന്നു.

പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞ് എടുക്കുന്ന ഗവർണർ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ലെന്നും എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലേക്ക് അദ്ദേഹം എത്തി എന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Governor Arif Muhammed Khan against SFI; says no other students protested against him

We use cookies to give you the best possible experience. Learn more