| Thursday, 26th January 2023, 12:19 pm

സാമൂഹിക സുരക്ഷയില്‍ കേരളം മികച്ച മാതൃക: ആരിഫ് മുഹമ്മദ് ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സാമൂഹിക സുരക്ഷയില്‍ കേരളം മികച്ച മാതൃകയായെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിവാദ്യം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് പദ്ധതിയെ പ്രശംസിച്ച ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ ആരോഗ്യമേഖല വലിയ നേട്ടങ്ങളുണ്ടാക്കിയതായും പറഞ്ഞു. വ്യവസായ വളര്‍ച്ചയില്‍ രാജ്യത്തിന്റെ മുന്നേറ്റത്തില്‍നിന്ന് കേരളം പ്രചോദനം ഉള്‍ക്കൊണ്ടുവെന്ന് പറഞ്ഞ അദ്ദേഹം സ്റ്റാര്‍ട്ടപ്പ് മിഷനുകളിലൂടെ സംസ്ഥാനം മികച്ച നേട്ടമുണ്ടാക്കിയെന്നും കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും അദ്ദേഹം റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്നു. മലയാളത്തിലായിരുന്നു ഗവര്‍ണറുടെ ആശംസ.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണം ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി രാജ്യത്തെ മാറ്റിയെന്നും ഇന്ത്യയ്ക്ക് തീവ്രവാദത്തിനോടുള്ളത് സന്ധിയില്ലാത്ത നിലപാടാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

വൈവിധ്യപൂര്‍ണമായ സാംസ്‌കാരികതകളെ തുല്യപ്രാധാന്യത്തോടെ കോര്‍ത്തിണക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും എല്ലാ പൗരന്മാര്‍ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും സ്വാതന്ത്ര്യമുണ്ടെന്നും ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു.

ഈ ലക്ഷ്യങ്ങള്‍ നേടാന്‍ മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം. വൈവിധ്യപൂര്‍ണമായ സാംസ്‌കാരികതകളെ തുല്യപ്രാധാന്യത്തോടെ കോര്‍ത്തിണക്കി ഇന്ത്യ എന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ സത്തയെ നിര്‍ണയിക്കുന്നതും നിര്‍വചിക്കുന്നതും ഭരണഘടനയാണ്.

ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിര്‍ത്തുന്നതിനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതി ഉറപ്പു വരുത്തുന്നതിനും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

എല്ലാ പൗരന്മാര്‍ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി, ആരാധന എന്നിവയ്ക്കുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തി ജനാധിപത്യത്തിന്റെ മാതൃകാസ്ഥാനമായി നമ്മുടെ രാജ്യത്തെ ഉയര്‍ത്തണം. ഭരണഘടനയുടെ പ്രാധാന്യമുള്‍ക്കൊണ്ട്, മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച് ഈ ലക്ഷ്യങ്ങള്‍ ഏറ്റെടുത്ത് നമുക്ക് മുന്നോട്ടു പോകാം,’ പിണറായി വിജയന്‍ പറഞ്ഞു.

Content Highlight: Governor Arif Muhammad Khan said that Kerala has set a good example in social security

We use cookies to give you the best possible experience. Learn more