| Monday, 19th September 2022, 1:37 pm

'ആര്‍.എസ്.എസുമായി 1986 മുതലുള്ള ബന്ധം'; മോഹന്‍ ഭാഗവതുമായി നടത്തിയത് സ്വാഭാവിക കൂടിക്കാഴ്ചയെന്ന് ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതുമായി നടത്തിയത് സ്വാഭാവിക കൂടിക്കാഴ്ചയെന്നും അസ്വഭാവികത ഇല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അസാധാരണ കൂടിക്കാഴ്ച്ച അല്ല നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ വിശദീകരണം നടത്തിയത്. ആര്‍.എസ്എസ് നിരോധിത സംഘടനയല്ല. ആര്‍.എസ്.എസുമായി തനിക്കുള്ളത് 1986 മുതലുള്ള ബന്ധമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തിയത്. ശനിയാഴ്ച രാത്രി എട്ടിനാണ് തൃശൂര്‍ ആനക്കല്ല് അവണിശ്ശേരിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി ആര്‍.എസ്.എസ് മേധാവി തൃശൂരിലുണ്ട്.

അതേസമയം, മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ പഴയ ആരോപണങ്ങള്‍ തന്നെ ആവര്‍ത്തിച്ച് ഗവര്‍ണറുടെ അസാധാരണ വാര്‍ത്താസമ്മേളനം കടന്നുപോയി.

രാജ്ഭവനെ ആരും നിയന്ത്രിക്കാന്‍ വരേണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നേരത്തെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന
ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിട്ടു.

മുഖ്യമന്ത്രി തനിക്കയച്ച കത്തുകളും ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു. കണ്ണൂര്‍ വി.സി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നും, രാജ്ഭവനില്‍ നേരിട്ടെത്തി ആവശ്യപ്പെട്ടുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ ഗവര്‍ണര്‍ തുറന്നടിച്ചു. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ പ്രതിഷധം നിയന്ത്രിക്കാനെത്തിയ പൊലീസിനെ തടഞ്ഞത് രാഗേഷാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു.

വേദിയില്‍ നിന്ന് ഇറങ്ങിവന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും, ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ നടന്നത് സ്വാഭാവിക പ്രതിഷേധമല്ലെന്നും ഗവര്‍ണര്‍ ആരോപണം ഉന്നയിച്ചു.

മുഖ്യമന്ത്രി തന്നോട് പല ആനൂകൂല്യങ്ങളും ചോദിച്ചിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നത് അസാധാരണ നടപടിയാണ്.

രണ്ടും കല്‍പ്പിച്ച് നീങ്ങാന്‍ തന്നെയാണ് ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം വിളിച്ചതെന്ന് ഉറപ്പിക്കുമ്പോഴും സര്‍ക്കാരും സി.പി.ഐ.എം നേതൃത്വവും ഇതിനെ കാര്യമാക്കുന്നില്ല. മുഖ്യമന്ത്രിക്കെതിരെ ഒരു തെളിവും ഗവര്‍ണറുടെ പക്കലില്ലെന്നാണ് നേതാക്കളുടെ വിശദീകരണം.

കെ.കെ. രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമിക്കാനുള്ള നീക്കത്തിലും തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടായ ആക്രമണ നീക്കത്തിന് പിന്നിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഗവര്‍ണര്‍ നേരത്തെ തുറന്നടിച്ചിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മുഖ്യമന്ത്രി അതിരൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഗവര്‍ണറെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു.

Content Highlight: Governor Arif Mohammed Khan Talks About His Meeting With RSS Leader Mohan Bhagawat

We use cookies to give you the best possible experience. Learn more