തിരുവനന്തപുരം: വി.സിമാര്‍ക്കെതിരെ വീണ്ടും കടുത്ത നീക്കങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എട്ട് വി.സിമാര്‍ നിയമിക്കപ്പെട്ടത് മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാനാണ് തീരുമാനം. നിയമനം അസാധുവാണെന്ന് കാട്ടി, നിയമിച്ച ദിവസം മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാനാണ് നീക്കം. ആരിഫ് മുഹമ്മദ് ഖാന്‍ അടുത്ത ദിവസം സംസ്ഥാനത്ത് തിരിച്ചെത്തിയാലുടന്‍ ഉത്തരവിറക്കും.
എട്ട് വി.സിമാരുടേയും നിയമനം യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ചതാണെന്നാണ് രാജ്ഭവന്‍ നിലപാട്. അത് കൊണ്ട് ചട്ടം ലംഘിച്ചുള്ള നിയമനത്തിന് നല്‍കിയ ശമ്പളം അനര്‍ഹമായാണെന്നും വിലയിരുത്തിയാണ് നടപടി. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസിന് വി.സിമാര്‍ ഗവര്‍ണര്‍ക്ക് രേഖാ മൂലം മറുപടി നല്‍കേണ്ട സമയപരിധി വ്യാഴാഴ്ച അവസാനിക്കുകയാണ്.
അതിനിടെ, ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് സംസ്ഥാനത്തെ വി.സിമാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്‍ അടക്കമുള്ള ഏഴ് വി.സിമാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഗവര്‍ണര്‍ നല്‍കിയ നോട്ടീസ് നിയമ വിരുദ്ധമെന്നാണ് വി.സിമാര്‍ വാദിക്കുന്നത്. ഹരജി ബുധനാഴ്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിക്കും. ഗവര്‍ണരുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം, ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹരജി ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തന്നെയാണ് ഈ ഹരജിയും പരിഗണിക്കുന്നത്. അംഗത്വം റദ്ദാക്കിയ ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് ഹരജിയിലുള്ളത്.
നവംബര്‍ നാലിന് ചേരുന്ന സര്‍വ്വകലാശാല സെനറ്റ് യോഗത്തില്‍ സെര്‍ച്ച് കമ്മിറ്റിയെ നോമിനേറ്റ് ചെയ്യാനുള്ള അജണ്ടയുണ്ടോയെന്ന് സര്‍വകലാശാല കോടതിയെ അറിയിക്കണം. ഗവര്‍ണര്‍ പുറത്താക്കിയ അംഗങ്ങള്‍ക്ക് നവംബര്‍ നാലിന് ചേരുന്ന സെനറ്റില്‍ പങ്കെടുക്കാനാകുമോ എന്നും കോടതി തീരുമാനിക്കും.
സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഒരു അംഗത്തെ നോമിനേറ്റ് ചെയ്ത് തീര്‍ക്കേണ്ട വിഷയം സര്‍വകലാശാല അനാവശ്യ വിവാദത്തിലാക്കിയെന്നും വി.സിയില്ലാതെ എങ്ങനെ സര്‍വകലാശാലയ്ക്ക് പ്രവര്‍ത്തിക്കാനാകുമെന്നും കോടതി നേരത്തെ ചോദിച്ചിരുന്നു.
അതേസമയം, ഗവര്‍ണര്‍ക്കെതിരെ എല്‍.ഡി.എഫ് പ്രത്യക്ഷ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ മാസം 15ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ പരിപാടി നടക്കും. നവംബര്‍ മൂന്ന് മുതല്‍ 12 വരെ ക്യാമ്പസുകളില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. 15ന് രാജ്ഭവന്റെ മുന്നില്‍ ചുരുങ്ങിയത് ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മയും ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധവും സംഘടിപ്പിക്കാനാണ് തീരുമാനം.