തിരുവനന്തപുരം: വി.സിമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കിയതില്‍ പുതിയ ന്യായീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ നടത്തിയത് വാര്‍ത്താസമ്മേളനം അല്ലെന്നാണ് ഗവര്‍ണറുടെ പുതിയ വാദം.
അഭിമുഖത്തിന് അപേക്ഷിച്ചവരെ ഒരുമിച്ച് വിളിച്ചതാണെന്നും, അതിനെ ചിലര്‍ വാര്‍ത്താസമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നും രാജ്ഭവന്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പറഞ്ഞു.
‘ചില റിപ്പോര്‍ട്ടുകളില്‍ ആരോപിക്കുന്നതുപോലെ രാജ്ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഒരു മാധ്യമങ്ങളേയും വിലക്കിയിട്ടില്ല. ഒക്ടോബര്‍ 24ന് അഭിമുഖത്തിനായി അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകരെ സമയക്കുറവ് കാരണം സാധാരണ ഒരു സമയത്ത് ക്ഷമിക്കുകയായിരുന്നു. എന്നാല്‍ ഈ ഇടപെടല്‍ പ്രസ് കോണ്‍ഫറന്‍സാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു,’ രാജ്ഭവന്‍ പി.ആര്‍.ഒ ട്വിറ്ററില്‍ കുറിച്ചു.
രാജ്ഭവനില്‍ തിങ്കളാഴ്ച വൈകിട്ട് ഗവര്‍ണര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടി.വി, കൈരളി ന്യൂസ്, മീഡിയവണ്‍, ജയ്ഹിന്ദ് എന്നീ മാധ്യമങ്ങള്‍ക്കാണ് പ്രവേശനം നിഷേധിച്ചത്.
എന്നാല്‍, ഗവര്‍ണറുടെ ന്യായീകരണം വിശ്വസനീയമല്ലെന്ന വിമര്‍ശനമാണ് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. അഭിമുഖത്തിനായി അപേക്ഷ നല്‍കിയ മീഡിയ വണ്‍, കൈരളി ന്യൂസ് എന്നീ മാധ്യമങ്ങള്‍ക്കും രാജ്ഭവനിലേക്ക് പ്രവേശനം നിഷേധിച്ചെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
വാര്‍ത്താസമ്മേളനം അറിഞ്ഞ് രാജ്ഭവനില്‍ എത്തിയപ്പോഴാണ് വിലക്കിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞത്. പതിവുകള്‍ തെറ്റിച്ച് രഹസ്യമായാണ് ഇന്നലത്തെ വാര്‍ത്താ സമ്മേളനം ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്തത്. ഗേറ്റിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പട്ടികയില്‍ ഉള്‍പ്പെടുന്ന മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരെ മാത്രമാണ് ക്ഷണിച്ചത്.
വാര്‍ത്താസമ്മേളനത്തിന് എത്തിയപ്പോള്‍ രാജ്ഭവനിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പി.ആര്‍.ഒ അടക്കമുള്ളവര്‍ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറായില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.