| Monday, 24th October 2022, 4:56 pm

'ഓണാഘോഷ പരിപാടിക്ക് ക്ഷണിച്ചില്ല'; വാര്‍ത്താസമ്മേളനത്തില്‍ ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കി ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് വിലക്ക്. കൈരളി ന്യൂസ്, റിപ്പോര്‍ട്ടര്‍ ടി.വി, മീഡിയാ വണ്‍, ജയ്ഹിന്ദ് ചാനലുകളെയാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഗവര്‍ണര്‍ ഒഴിവാക്കിയത്.

വാര്‍ത്താസമ്മേളനത്തിന് എത്തിയ മാധ്യമങ്ങളെ രാജ്ഭവന്റെ ഗേറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഗവര്‍ണറുടെ ഓഫീസ് നല്‍കിയ പട്ടികയില്‍ പേരുള്ളവരെ മാത്രമാണ് അകത്തേക്ക് കയറ്റിവിട്ടത്. എന്നാല്‍ എന്തുകൊണ്ടാണ് ഒരു വിഭാഗം മാധ്യമങ്ങളെ ഒഴിവാക്കിയതെന്ന് ഔദ്യോഗികമായി വിശദീകരിക്കാന്‍ ഗവര്‍ണറുടെ ഓഫീസ് ഇതുവരെ തയ്യാറായിട്ടില്ല.

മനോരമ ന്യൂസ്, മാതൃഭൂമി, ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, ന്യൂസ് 18, ജനം ടി.വി തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരെ മാത്രമാണ് അകത്തേക്ക് കയറ്റിവിട്ടത്. മാത്രമല്ല, പതിവു രീതി വിട്ട് രഹസ്യമായാണ് ഇന്നത്തെ വാര്‍ത്താസമ്മേളനം വിളിച്ചതും.

വി.സിമാരുടെ വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരെ ഇന്ന് രാവിലെ ഗവര്‍ണര്‍ അധിക്ഷേപിച്ചിരുന്നു. ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമങ്ങള്‍ കേഡര്‍ മാധ്യമപ്രവര്‍ത്തകരാണെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.

കേഡര്‍ മാധ്യമങ്ങളോട് പ്രതികരിക്കില്ല. യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്ഭവനിലേക്ക് അപേക്ഷ അയക്കാം. പരിശോധിച്ച് അവരോട് പ്രതികരിക്കാമെന്നാണ് ഗവര്‍ണര്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, സംസ്ഥാനത്തെ ഒമ്പത് വി.സിമാരോട് രാജിയാവശ്യപ്പെട്ട നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്ന് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സുപ്രീം കോടതി വിധി വ്യക്തമാണെന്നും ആര്‍ക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

തന്നെ സംസ്ഥാന സര്‍ക്കാര്‍ ഓണാഘോഷ പരിപാടിക്ക് ക്ഷണിച്ചില്ലെന്നും, ഓണാഘോഷമില്ലെന്നാണ് തന്നോട് പറഞ്ഞെതെന്നും ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ ആക്ഷേപം ഉന്നയിച്ചു.

രാജിവെക്കാത്ത സാഹചര്യത്തില്‍ വി.സിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും ഗവര്‍ണര്‍ അറിയിച്ചു. ഡിജിറ്റല്‍, ശ്രീ നാരായണ സര്‍വകലാശാല വി.സിമാര്‍ക്കെതിരെയും നടപടി വന്നേക്കുമെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ താന്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങളോട് ബഹുമാനം മാത്രമാണെന്നും എന്നും അത്തരം നിലപാടാണ് താന്‍ സ്വീകരിച്ചിട്ടുള്ളതെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. പാര്‍ട്ടി കേഡര്‍ ജേര്‍ണലിസ്റ്റ് ചമയുന്നുവെന്ന പരാമര്‍ശം ആവര്‍ത്തിക്കുകയാണെന്നും, അത് കൊണ്ടാണ് രാജ് ഭവനിലേക്ക് മാധ്യമപ്രവര്‍ത്തകരോട് അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Governor Arif Mohammed Khan Banned Media from Press meet

We use cookies to give you the best possible experience. Learn more