| Wednesday, 21st September 2022, 11:23 am

പോരിനിടയിലും അഞ്ച് ബില്ലുകള്‍ ഒപ്പിട്ട് ഗവര്‍ണര്‍; വിവാദ ബില്ലുകള്‍ ഒപ്പിടില്ലെന്നുറച്ച് ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാരുമായി പരസ്യ പോര് തുടരുന്നതിനിടെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.

ആകെ 11 ബില്ലുകളാണ് സഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. വിവാദമായ സര്‍വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ബാക്കി നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്.

അതിനിടെ ഗവര്‍ണര്‍ ഇന്ന് ദില്ലിയിലേക്ക് പോകും. ഈ മാസം കേരളത്തിലേക്ക് ഗവര്‍ണര്‍ മടങ്ങിവരില്ലെന്നാണ് വിവരം. ഗവര്‍ണറുടെ മടക്കം അടുത്ത മാസം ആദ്യമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ, സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെ കേരള വി.സി നിയമനത്തിലും ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. കേരള സര്‍വകലാശാല വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന നിര്‍ദേശം ഗവര്‍ണര്‍ സര്‍വകലാശാലക്ക് നല്‍കിയിട്ടുണ്ട്.

വി.സി. നിയമനത്തിന് ഗവര്‍ണര്‍ രൂപവത്കരിച്ച സെര്‍ച് കമ്മിറ്റിയിലേക്ക് ഇതുവരെ സര്‍വകലാശാല പ്രതിനിധിയെ നിര്‍ദേശിച്ചിട്ടില്ല. ഓഗസ്റ്റ് അഞ്ചിന് ഗവര്‍ണര്‍ രണ്ടംഗ കമ്മിറ്റി ഉണ്ടാക്കിയിരുന്നു.

യു.ജി.സിയുടേയും ഗവര്‍ണറുടെയും പ്രതിനിധികള്‍ മാത്രമുള്ള സമിതിയിലേക്ക് ഇതുവരെ പ്രതിനിധിയെ നിര്‍ദേശിക്കാതെ സര്‍വകലാശാല ഒഴിഞ്ഞുമാറുകയാണ്. നേരത്തെ ആസൂത്രണ ബോര്‍ഡ് അംഗം വി.കെ. രാമചന്ദ്രനെ നിര്‍ദേശിച്ചെങ്കിലും അദ്ദേഹം പിന്നെ സ്വയം പിന്മാറിയിരുന്നു.

രണ്ട് അംഗങ്ങളെ ഗവര്‍ണര്‍ തീരുമാനിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടതോടെയാണ് രാജ്ഭവന്‍ പുതിയ നിര്‍ദേശം നല്‍കിയത്. നിലവിലെ സാഹചര്യമനുസരിച്ച് സെര്‍ച് കമ്മിറ്റിയില്‍ മൂന്ന് അംഗങ്ങളാണ് വേണ്ടത്. സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമം ആകാന്‍ കാത്തിരിക്കുകയാണ് കേരള സര്‍വകലാശാല. ഒക്ടോബര്‍ 24ന് വി.സിയുടെ കാലാവധി തീരാനിരിക്കെയാണ് ഗവര്‍ണര്‍ പുതിയ നീക്കവുമായി രംഗത്തെത്തിയത്.

Content Highlight: Governor Arif Mohammad Khan Signed Five bills passed by kerala assembly

We use cookies to give you the best possible experience. Learn more