സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും ഭരണഘടനാ മൂല്യങ്ങളും വെല്ലുവിളി നേരിടുന്നു, മതേതരത്വം സംരക്ഷിക്കപ്പെടണം; ഗവര്‍ണര്‍
Kerala News
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും ഭരണഘടനാ മൂല്യങ്ങളും വെല്ലുവിളി നേരിടുന്നു, മതേതരത്വം സംരക്ഷിക്കപ്പെടണം; ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd January 2023, 10:52 am

തിരുവനന്തപുരം: സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും ഭരണഘടനാ മൂല്യങ്ങളും വെല്ലുവിളി നേരിടുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

മാധ്യമ സ്വാതന്ത്ര്യവും തേതരത്വവും മതസൗഹാര്‍ദവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ നിയമസഭയിലെ രണ്ടാം നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. നിയമനിര്‍മാണ അധികാരം സംരക്ഷിക്കപ്പെടണം, ജനങ്ങളുടെ താല്‍പര്യങ്ങള്‍ പ്രതിഫലിക്കുന്ന സഭകള്‍ സംരക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ഡി.പി.ആര്‍ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്നും കാര്യക്ഷമവും വേഗതയുമുള്ള യാത്രക്ക് സില്‍വര്‍ലൈന്‍ ആവശ്യമാണെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഭാഗങ്ങളും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വായിച്ചത് ശ്രദ്ധേയമായി.

ഒ.ബി.സി സ്‌കൂള്‍ സ്‌കോളര്‍ഷിപ് നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ പ്രസംഗത്തില്‍ വിമര്‍ശിച്ചു. കേന്ദ്രം കടമെടുപ്പ് പരിധി നിയന്ത്രിച്ചത് സംസ്ഥാനത്തിന്റെ വികസനത്തിന് തടസമാകുന്നുവെന്നും പറഞ്ഞു.

സംസ്ഥാനത്തിന്റെ നേട്ടങ്ങളും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചു.

കേരളം അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച നേടി, സുസ്ഥിര വികസനത്തില്‍ സംസ്ഥാനം മുന്നിലാണ്. വേര്‍തിരിവില്ലാതെ ഒരു സമൂഹമായി നിലനില്‍ക്കാന്‍ കേരളത്തിന് സാധിക്കുന്നുണ്ട്.

വയോജന സംരക്ഷണത്തില്‍ കേരളം രാജ്യത്ത് തന്നെ മുന്നിലാണ്. തൊഴില്‍ ഉറപ്പാക്കുന്നതില്‍ മൂന്നാം സ്ഥാനത്താണ്. പ്രസവ ശിശുമരണനിരക്ക് ഏറ്റവും കുറവ്, ആരോഗ്യമേഖലയിലുണ്ടായത് വലിയ നേട്ടങ്ങള്‍.

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ മികച്ചതും ചെലവ് കുറഞ്ഞതുമായി, ദാരിദ്ര്യം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തിലൂന്നിയ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.

അട്ടപ്പാടിയില്‍ മൊബൈല്‍ ക്ലിനിക് സ്ഥാപിക്കും, അടിസ്ഥാനസൗകര്യങ്ങള്‍ എല്ലാ ഊരിലുമെത്തിക്കും, ലിംഗ സമത്വ ബോധവല്‍കരണത്തിനായി പദ്ധതി രൂപീകരിക്കും.

സഹകരണ മേഖലയില്‍ അഴിമതി തടയാന്‍ നിയമഭേദഗതി കൊണ്ടുവരും, എസ്.സി-എസ്.ടി വിഭാഗത്തിന് തൊഴിലവസരങ്ങളൊരുക്കാന്‍ പ്രത്യേക പദ്ധതി രൂപീകരിക്കും, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കുന്ന വിധത്തില്‍ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്നും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ മികച്ച കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Governor Arif Mohammad Khan says journalism and constitutional values are under threat