ന്യൂദല്‍ഹി: ഹൈക്കോടതി തന്നെ വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹൈക്കോടതി വിമര്‍ശിച്ചുവെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണ് ഹൈക്കോടതി തന്നെ വിമര്‍ശിച്ചെന്ന തരത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും ഗവര്‍ണര്‍ ആരോപിച്ചു.
മുമ്പേ നിശ്ചയിച്ച പ്രകാരം അടുത്ത ദിവസം തന്നെ വൈസ് ചാന്‍സലര്‍മാരുടെ വാദം കേള്‍ക്കും. കാരണംകാണിക്കല്‍ നോട്ടീസുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കും. അന്തിമ തീരുമാനം കോടതി വിധിക്ക് ശേഷമാണ് എടുക്കുകയെന്നും ഗവര്‍ണര്‍ പറഞ്ഞു.
സുപ്രീംകോടതി വിധി പ്രകാരം യു.ജി.സി നിയമം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗവര്‍ണറുടെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കല്‍ നടപടിക്കെതിരെ സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹരജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. ചാന്‍സലറുടെ നടപടി നിയമവിരുദ്ധമാണ് എന്നാണ് ഹരജിക്കാരുടെ വാദം.
എന്നാല്‍ പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി അംഗീകരിക്കാത്തത് നിയമവിരുദ്ധം ആണെന്നും സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച നോട്ടിഫിക്കേഷന്‍ പിന്‍വലിക്കാന്‍ മുന്‍ വി.സി മഹാദേവന്‍ പിള്ള ആവശ്യപ്പെട്ടത് പ്രകടമായ അധിക്ഷേപമാണെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, സര്‍വകലാശാലകളുടെ ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ഒരു വ്യക്തിയെ ഇഷ്ടമല്ലെന്ന് കരുതി പ്രീതി പിന്‍വലിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ചാന്‍സലര്‍ പിള്ളേര് കളിക്കുന്നുവെന്ന് പറഞ്ഞ കോടതി ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് വിമര്‍ശിച്ചു. കേരള സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം.
വിദ്യാര്‍ത്ഥികളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് കോടതിക്ക് മാത്രമേ ആശങ്കയുള്ളു. മറ്റാരും അതേക്കുറിച്ച് ചിന്തിക്കുകയോ പറയുകയോ ചെയ്യുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
പുതിയ വൈസ് ചാന്‍സലറെ തീരുമാനിക്കുന്നതിനുള്ള നോമിനിയെ സെനറ്റ് നിശ്ചയിക്കുമെങ്കില്‍ പുറത്താക്കിയ മുഴുവന്‍ സെനറ്റ് അംഗങ്ങളേയും ഉടന്‍ ആ സ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിക്കാമെന്നും കോടതി പറഞ്ഞു.