തിരുവനന്തപുരം: സര്‍വകലാശാല വിവാദത്തില്‍ ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
സര്‍ക്കാറുമായി ഏറ്റമുട്ടലിനില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചുള്ള തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രി പറയുന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായമാണ്. തന്റെമേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടക്ക് വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വി.സിമാരുടെ നിയമനം കക്ഷി രാഷ്ട്രീയപരമായല്ല. അക്കാദമിക മികവുള്ള വി.സിമാരാണ് കേരളത്തിലുള്ളത്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നല്ല ബന്ധമാണ്. അദ്ദേഹത്തിന് മോശമായ രീതിയിലുള്ള ഒന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു.
യൂണിവേഴ്‌സിറ്റികളുടെ ചാന്‍സിലര്‍ സ്ഥാനം സര്‍ക്കാര്‍ ആഗ്രഹിക്കുന്നല്ല. അത് ഗവര്‍ണര്‍ തന്നെ കൈകാര്യം ചെയ്യണം എന്ന് തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇപ്പോഴുള്ള നിലപാടില്‍ നിന്ന് ഗവര്‍ണര്‍ പിന്നോട്ട് പോകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണറുടെ പരസ്യപ്രസ്താവന ദുഖകരമാണ്. കേരളം ഒട്ടും മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകരമാകുന്ന നിലപാട് ഗവര്‍ണര്‍ സ്വീകരിക്കരുത്. മനസാക്ഷിക്ക് വിരുദ്ധമായി ഗവര്‍ണര്‍ എന്തെങ്കിലും ചെയ്യണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാധാരണഗതിയില്‍ ഇത് ഇങ്ങനെ വാര്‍ത്താ സമ്മേളനം വിളിച്ചുപറയേണ്ട കാര്യമല്ല. ഗവര്‍ണര്‍ പരസ്യമായി പ്രതികരിച്ചതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടിവന്നത്. സര്‍ക്കാരിന് പിടിവാശിയില്ലെന്നും ഇനിയും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.