തിരുവനന്തപുരം: തിങ്കളാഴ്ച കാലാവധി കഴിയവെ ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം ബില്ലാക്കാത്ത 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ജൂലായ് 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഈ ശിപാര്‍ശ 28ന് രാജ്ഭവനിലെത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച കാലാവധി കഴിയുന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കാനായില്ലെങ്കില്‍ ഈ നിയമങ്ങള്‍ അസാധുവാകും.
വെള്ളിയാഴ്ച ദല്‍ഹിക്ക് പോയ ഗവര്‍ണര്‍ ആഗസ്റ്റ് 11നേ മടങ്ങിയെത്തൂ എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓര്‍ഡിനന്‍സുകള്‍ അംഗീകരിച്ചു നല്‍കാനോ തിരിച്ചയക്കാനോ ഗവര്‍ണര്‍ പറഞ്ഞിട്ടില്ലെന്നാണ് രാജ്ഭവന്‍ സര്‍ക്കാര്‍ പ്രതിനിധികളെ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരള ലോകായുക്ത ഭേദഗതി- രണ്ട്(പുതുക്കിയ തവണ), കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഭേദഗതി- മൂന്ന്, കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചുനല്‍കലും- ഏഴ്, കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി- രണ്ട്, കേരള മാരിടൈം ബോര്‍ഡ് ഭേദഗതി- രണ്ട്, തദ്ദേശസ്വയംഭരണ പൊതുസര്‍വീസ്- ഒന്ന്, കേരള പൊതുമേഖലാ നിയമന ബോര്‍ഡ്- ഒന്ന്, കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ്- അഞ്ച്, ലൈവ് സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്രി ഫീഡ് ആന്‍ഡ് മിനറല്‍ മിക്‌സചര്‍- അഞ്ച്, കേരള ജൂവലറി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട്- ആറ്, വ്യവസായ ഏകജാലക ബോര്‍ഡും വ്യവസായ ടൗണ്‍ഷിപ്പ് വികസനവും- രണ്ട് എന്നിവയാണ് ഗവര്‍ണര്‍ ഒപ്പിടേണ്ട ഓര്‍ഡിനന്‍സുകള്‍.
ലോകായുക്ത ഓര്‍ഡിനന്‍സ് പരമപ്രധാനം അഴിമതി തെളിഞ്ഞെന്ന് കണ്ടെത്തിയാല്‍ മന്ത്രിയെ അയോഗ്യനാക്കാന്‍ ലോകായുക്തക്കുണ്ടായിരുന്ന അധികാരം എടുത്തുകളയലാണ് ലോകായുക്ത ഓര്‍ഡിനന്‍സിലെ ഭേദഗതി.
വി.സി. നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നീക്കമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 42 ദിവസം അടിയന്തര സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് ഇറക്കുക. 42 ദിവസത്തെ കാലാവധി പൂര്‍ത്തിയാക്കാത്തവ വീണ്ടും നിലനില്‍ക്കണമെങ്കില്‍ ഓര്‍ഡിനന്‍സായി തന്നെ പുതുക്കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ അത് റദ്ദാക്കപ്പെടും.
CONTENT HIGHLIGHTS: Governor Arif Mohammad Khan not signing 11 ordinances including amendment to Lokayukta Act