ന്യൂദല്‍ഹി: ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള ബില്ല് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കെ കണ്ണൂര്‍ വി.സിക്കും സര്‍ക്കാരിനുമെതിരായ പോര് കടുപ്പിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ചരിത്ര കോണ്‍ഗ്രസില്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബീനെതിരെ ഇതുവരെ നടപടിയെടുത്തില്ല. ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവാണ് സര്‍ക്കാരിന്റെ മൗനം. ഇര്‍ഫാന്‍ ഹബീബിന്റെ പ്രതിഷേധം കേരള സര്‍ക്കാര്‍ നടപടി എടുക്കില്ല എന്ന ധൈര്യത്തില്‍ ആയിരുന്നുവെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടായിരുന്ന ഒരു വനിത വളരെ മോശം ഭാഷയില്‍ സംസാരിച്ചു. ഉത്തര്‍പ്രദേശിലാണ് എങ്കില്‍ ഇത് നടക്കില്ല. തന്നെ ആക്രമിച്ചവരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. ആക്രമണത്തിന് കൂട്ടു നിന്നതിനുള്ള പ്രതിഫലം ആണ് വി.സിയുടെ പുനര്‍നിയമനമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചരിത്ര കോണ്‍ഗ്രസിലെ അക്രമണ ശ്രമത്തെക്കുറിച്ച് വി.സിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. രണ്ട് തവണ കത്തയച്ചിട്ടും വി.സി നിഷേധാത്മക വിശദീകരണമാണ് നല്‍കിയത്. താന്‍ സുരക്ഷ വിദഗ്ധനല്ലെന്നായിരുന്നു വി.സിയുടെ മറുപടി. ഭരണഘടനയന്ത്രം തകര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.
സര്‍വ്വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിടില്ലെന്ന സൂചന ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ബില്ലിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ്. നേതാക്കളുടെ ബന്ധുനിയമനമാണ് ലക്ഷ്യമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ ദിവസം ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ അധിക്ഷേപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. ഇര്‍ഫാന്‍ ഹബീബ് ഗുണ്ട എന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. ഇര്‍ഫാന്‍ ഹബീബിന്റെ പ്രവൃത്തിര്‍ത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാകില്ല. ഇര്‍ഫാന്‍ ഹബീബ് ചെയ്തത് തെരുവുഗുണ്ടയുടെ പണിയാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ആസൂത്രിത അക്രമമാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ദല്‍ഹിയില്‍വെച്ചുതന്നെ ആസൂത്രണവും ഗൂഢാലോചനയും ഉണ്ടായി എന്നും അദ്ദേഹം ആരോപിച്ചു.
പരാതി നല്‍കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അത് മൂന്ന് വര്‍ഷം മുമ്പ് ആകാമായിരുന്നു. വ്യക്തിപരമായ പ്രശ്നമായല്ല ഇതിനെ കാണുന്നത്. വി.സി ക്ഷണിച്ചിട്ടാണ് പരിപാടിക്കെത്തിയത്. സുരക്ഷാവീഴ്ച ആരുടെ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ ചോദിച്ചു.
കേരളത്തില്‍ ഫേസ്ബുക്ക് പോസ്റ്റിന് വരെ ആളുകളെ അറസ്റ്റ് ചെയ്യുകയാണ്. കറുത്ത ഷര്‍ട്ടിട്ടാല്‍ നടപടി എടുക്കുന്ന അവസ്ഥയാണ്. ഗവര്‍ണര്‍ക്കെതിരെ ആക്രമണം ഉണ്ടായിട്ട് നടപടിയില്ല. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗം തകര്‍ച്ചയിലാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
താന്‍ ആര്‍.എസ്.എസിന്റെ ആളാണെന്ന വിമര്‍ശനത്തെ സ്വാഗതം ചെയ്യുന്നു. താന്‍ ഒപ്പുവെക്കാതെ ഒന്നും നിയമമാകില്ല. സുപ്രീം കോടതി ഉത്തരവിനും ഭരണഘടനക്കും വിരുദ്ധമായ ഒന്നിലും ഒപ്പുവെക്കില്ല. അവര്‍ക്ക് ഇഷ്ടമുള്ള ചെയ്യട്ടെ എന്നും ബില്ലില്‍ താന്‍ ഒപ്പുവെക്കില്ലെന്നും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
2019ല്‍ കണ്ണൂര്‍ സര്‍വ്വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ഗവര്‍ണറുടെ ആരോപണം. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ അന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്റെ പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നും അതിന് എല്ലാ ഒത്താശയും കണ്ണൂര്‍ വി.സി ചെയ്‌തെന്നുമാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്.
Content Highlight: Governor Arif Mohammad Khan firm on allegations against Kannur VC