മുസ്‌ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് പിന്തള്ളാനുള്ള ഗൂഢാലോചനയാണ് ഹിജാബ് വിവാദത്തിന് പിന്നില്‍: ഗവര്‍ണര്‍
Kerala News
മുസ്‌ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് പിന്തള്ളാനുള്ള ഗൂഢാലോചനയാണ് ഹിജാബ് വിവാദത്തിന് പിന്നില്‍: ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th February 2022, 3:49 pm

തിരുവനന്തപുരം: ഹിജാബ് വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.മുസ്‌ലിം പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിന്തള്ളാനാണ് ശ്രമമാണ് ഇതിന് പിന്നിലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കണമെന്നും ഹിജാബ് നിരോധനം വസ്ത്രസ്വാതന്ത്ര്യം നിഷേധിക്കലല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സിഖുകാരുടെ വസ്ത്രവുമായുള്ള താരതമ്യങ്ങള്‍ ശരിയല്ല. ഇസ്‌ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. അത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കലല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചരിത്രം പരിശോധിക്കുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് മനസിലാക്കാമെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നവരാണെന്നും ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

അതേസമയം, കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിക്കാന്‍ കോളേജ് അധികൃതര്‍ സമ്മതിക്കാതിരുന്നതും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ എത്തുന്നതിനെ എതിര്‍ത്ത് ഹിന്ദുത്വ വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് എത്തിയത് അക്രമത്തില്‍ കലാശിച്ചിരുന്നു.

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ പൊലീസ് വിഷയത്തില്‍ ഇടപെടുകയും മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.