|

ഗവര്‍ണര്‍ നിയമനം; തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ooommen
[] കോഴിക്കോട്: സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന പി.സദാശിവത്തെ കേരള ഗവര്‍ണറായി നിയമിക്കുന്നതിനെപ്പറ്റി അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാധാരണഗതിയില്‍ ഗവര്‍ണറെ നിയമിക്കുമ്പോള്‍ അഭിപ്രായം ചോദിക്കാറുണ്ട്. കേന്ദ്രസര്‍ക്കാര്‍ അഭിപ്രായം ചോദിക്കുമെന്നാണ് പ്രതീക്ഷ. അപ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിയമന നീക്കം കീഴ്‌വഴക്കങ്ങള്‍ പാലിക്കാതെയാണെന്ന്‌ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഗവര്‍ണര്‍ നിയമനം അസാധാരണമെന്ന് ചെന്നിത്തല പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഗവര്‍ണര്‍ സ്ഥാനത്തേക്കു വരുന്നത് ഇതാദ്യമായാണെന്നും ചെന്നിത്തല പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സ്ഥാനത്തുനിന്ന് കഴിഞ്ഞ ഏപ്രിലില്‍ വിരമിച്ച ജസ്റ്റിസ് പി. സദാശിവത്തെ കേരള ഗവര്‍ണറായി നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിവിധ വൃത്തങ്ങളില്‍ നിന്നു വിമര്‍ശനമുയരുന്നുണ്ട്. ചീഫ് ജസ്റ്റിസായിരുന്ന സദാശിവത്തെ കേരള ഗവര്‍ണറായി നിയമിക്കുന്നത് ഉചിതമല്ലെന്ന് ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞിരുന്നു.

ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിലും ഇത് സംബന്ധിച്ച് ഭിന്നാഭിപ്രായമാണുള്ളത്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നിലപാടുമായി ഒത്തുപോകാത്തയാള്‍ എന്ന കാരണത്താല്‍ ഗവര്‍ണറെ പുറത്താക്കാന്‍ പാടില്ലെന്ന് വിധിച്ച ബെഞ്ചിലെ ജഡ്ജിയായിരുന്നു സദാശിവം.

Latest Stories