'ഇതെന്ത് ജനാധിപത്യം'; തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ഗവര്‍ണര്‍ പരീക്കറിനെ ക്ഷണിച്ചതെന്ന് ദിഗ്‌വിജയ സിങ്
India
'ഇതെന്ത് ജനാധിപത്യം'; തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ഗവര്‍ണര്‍ പരീക്കറിനെ ക്ഷണിച്ചതെന്ന് ദിഗ്‌വിജയ സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th March 2017, 12:06 pm

 

പനാജി: ഗോവന്‍ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കറിനെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം ഉണ്ടെന്ന് ആവശ്യപ്പെട്ടിട്ടും തങ്ങളെ അവഗണിച്ച് ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച നടപടിക്കെതിരായാണ് ദിഗ്‌വിജയ് സിങ് രംഗത്തെത്തിയിരിക്കുന്നത്.


Also read ‘കുടിവെള്ളം ഇല്ലാതായാല്‍ പകരം കടലാസ് പുഴുങ്ങിത്തിന്നാല്‍ മതിയോ?; മണ്ടന്‍ തീരുമാനങ്ങളല്ല ജലസംരക്ഷണമാണ് വേണ്ടത്’; ചാനല്‍ അവതാരകയുടെ ചോദ്യത്തിന് മാമുക്കോയ നല്‍കിയ കിടിലന്‍ മറുപടി; ആഘോഷമാക്കി ട്രോള്‍ലോകം


ഗവര്‍ണറെ കാണാന്‍ ഇന്നു രാവിലെ തങ്ങള്‍ അനുവാദം വാങ്ങിയിരുന്നതാണെന്നും എന്നാല്‍ രാജ്ഭവന്‍ തങ്ങളോട് 1.30നു മാത്രമേ ഗവര്‍ണര്‍ നിങ്ങളെ കാണുകയുള്ളുവെന്നും അറിയിക്കുകയായിരുന്നെന്നും പറഞ്ഞ കോണ്‍ഗ്രസ് നേതാവ് അവര്‍ എത്ര പെട്ടെന്ന് തങ്ങളെ കാണുന്നുവോ അത്രയും സന്തോഷം മാത്രമേയുള്ളുവെന്നും കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ രൂപീകരണത്തിനാവശ്യമായ എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നു കാണിച്ച് ഒക്ടോബര്‍12നു തന്നെ അവകാശവാദം ഉന്നയിച്ച് കത്ത് നല്‍കിയിരുന്നതായും ദിഗ്‌വിജയ് സിങ് വ്യക്തമാക്കി.

ഗവര്‍ണര്‍ പക്ഷപാതപരമായാണ് ഇടപെടുന്നതെന്ന് കാണിച്ച് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമര്‍പ്പിച്ചിരുന്നെങ്കിലും അധികാരമേല്‍ക്കുന്ന സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.

സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പറ്റാത്തതിനാല്‍ ജനങ്ങളോട് മാപ്പ് പറയുന്നതായി ദിഗ്‌വിജയ സിങ് ഇന്നലെ പറഞ്ഞിരുന്നു. ബി.ജെ.പി നടപടി ജനാധിപത്യ വിരുദ്ധമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.