ന്യൂയോർക്ക്: കാലാവസ്ഥാ വ്യതിയാനവും യുദ്ധവും അസമത്വവും മറികടക്കുന്നതിന് തങ്ങളുടെ സർക്കാരുകളെ ജനം ഇപ്പോൾ വിശ്വസിക്കുന്നില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്.
ഇതിന് പരിഹാരമായി യു.എന്നിനെ പരിഷ്കരിക്കണം എന്നും ഗുട്ടറസ് അഭിപ്രായപ്പെട്ടു.
ലോക സമ്പദ്ഘടന ഫോറത്തിന്റെ വാർഷിക യോഗത്തിൽ പങ്കെടുക്കുകയായിരുന്നു ഗുട്ടറസ്. ലോകമൊട്ടാകെയുള്ള സർക്കാരുകളിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിൽ പ്രധാന ഭീഷണി കാലാവസ്ഥാ വ്യതിയാനവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വികസനവുമാണെന്ന് ഗുട്ടറസ് പറഞ്ഞു.
ഈ രണ്ടു വിഷയങ്ങളും കൈകാര്യം ചെയ്യുവാൻ ആഗോള തലത്തിൽ കാര്യക്ഷമമായ മാർഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ പരിഹാരമാർഗങ്ങൾക്കായി ഒരുമിച്ച് നിൽക്കുന്നതിന് ഭൗമ-രാഷ്ട്രീയ വേർതിരിവുകൾ തടസ്സമാകുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മിഡിൽ ഈസ്റ്റിലെയും ഉക്രൈനിലെയും സംഘർഷങ്ങളിൽ തകർന്നുകൊണ്ടിരിക്കുന്ന യു.എസിന്റെ നേതൃത്വത്തിലുള്ള ഏകധ്രുവ നയത്തെ കുറ്റപ്പെടുത്തിയ ഗുട്ടറസ്, വിവിധ ധ്രുവങ്ങളുള്ള ലോക ക്രമം ആവശ്യമാണെന്നും വ്യക്തമാക്കി.
അതിന് പാശ്ചാത്യ രാജ്യങ്ങൾ അല്ലാത്തവർക്കും ദക്ഷിണ രാജ്യങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് യു.എൻ രക്ഷാസമിതിയിലും വേൾഡ് ബാങ്കിലും ഉൾപ്പെടെ പരിഷ്കരണം വേണമെന്ന് ആവശ്യപ്പെട്ടു.
സമാധാനത്തിനു വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ പുതിയ അജണ്ട ഭാവിയിലെ സംഘർഷങ്ങൾ തടയുന്നതിനുള്ള മാർഗമാണെന്നും അറിയിച്ചു.
2000ത്തിന്റെ തുടക്കത്തിൽ തന്നെ പാശ്ചാത്യ സർക്കാരുകളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നതായി സർവേ ഫലങ്ങൾ പുറത്തുവന്നിരുന്നു.
2000ത്തിൽ 44 ശതമാനം അമേരിക്കൻ ജനത തങ്ങളുടെ സർക്കാരിൽ വിശ്വാസം അർപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോഴത് 16% ആയി ചുരുങ്ങിയെന്ന് പ്യൂ റിസർച്ച് സർവേ കണ്ടെത്തിയിരുന്നു.
2022ൽ യൂറോപ്യൻ യൂണിയൻ നടത്തിയ സർവേയിൽ സർക്കാരിനോടുള്ള വിശ്വാസ്യത സ്കോറിൽ 10ൽ 3.6 ആയിരുന്നു ജനങ്ങൾ നൽകിയത്. 2020ൽ ഇത് 4.7 ആയിരുന്നു.
അതേസമയം കാലാവസ്ഥാ വ്യതിയാനത്തെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും ഗൗരവമുള്ള വിഷയങ്ങളായി യു.എൻ സെക്രട്ടറി ജനറൽ ചൂണ്ടിക്കാണിക്കുമ്പോൾ ഗാലപ്പ് സർവേ പ്രകാരം അമേരിക്കയിലെ 3 ശതമാനം ആളുകൾ മാത്രമാണ് കാലാവസ്ഥാ വ്യതിയാനത്തെ പ്രധാന പ്രശ്നമായി കാണുന്നത്. എ.ഐയെ ഗുരുതര വിഷയമായി കാണുന്നത് 0.5 ശതമാനം മാത്രമാണ്.
സമ്പദ്ഘടനയും മോശം നേതൃത്വവും പണപ്പെരുപ്പവും കുടിയേറ്റവുമാണ് ഭൂരിപക്ഷം അമേരിക്കക്കാരും പ്രധാന പ്രശ്നങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
Content highlight: Governments worldwide losing trust of people – UN