പാലാരിവട്ടം പാലം പുതിക്കിപ്പണിയല്‍ മാത്രമാണ് പോംവഴി ; ഇ. ശ്രീധരന്റെ നിര്‍ദ്ദേശം സ്വീകാര്യമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍
Palarivattom Over Bridge
പാലാരിവട്ടം പാലം പുതിക്കിപ്പണിയല്‍ മാത്രമാണ് പോംവഴി ; ഇ. ശ്രീധരന്റെ നിര്‍ദ്ദേശം സ്വീകാര്യമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th November 2019, 11:57 pm

കൊച്ചി: പാലാരിവട്ടം പാലം പുതിക്കിപ്പണിയല്‍ മാത്രമാണ് പോംവഴി എന്ന് സര്‍ക്കാര്‍. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആര്‍.ഡി.എസ് കമ്പനി നല്‍കിയ ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം. പാലത്തിന് ബലക്ഷയമില്ലെന്നാണ് ആര്‍.ഡി.എസ് വാദം.

പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ ഇ.ശ്രീധരന്‍ നല്‍കിയ നിര്‍ദ്ദേശം മാത്രമാണ് പ്രായോഗികമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 100 വര്‍ഷംആയുസ്സ് ഉറപ്പു പറയുന്നതാണ് ഇ. ശ്രീധരന്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം അംഗീകരിക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

പാലാരിവട്ടം മേല്‍പ്പാലം പൂര്‍ണമായും പൊളിച്ച് പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തി ചെന്നൈ ഐ.ഐ.ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ച ഗൗരവമേറിയതാണെന്നാണ് ഐ.ഐ.ടി റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാലത്തില്‍ 2183 വിള്ളലുകളാണ് വിദഗ്ധ സംഘം കണ്ടെത്തിയത്. വിള്ളലുകളില്‍ 99 എണ്ണത്തിലും 3 മില്ലീമീറ്ററില്‍ കൂടുതല്‍ വലിപ്പമുണ്ട്. പുനരുദ്ധരിച്ചാല്‍ എത്രകാലം ഉപയോഗിക്കാനാവും എന്നത് പറയാനാവില്ലെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇ.ശ്രീധരനുമായി സര്‍ക്കാര്‍ മുന്‍പ് ചര്‍ച്ച നടത്തിയിരുന്നു. പുതുക്കിപ്പണിയുന്നതിനോട് ഇ ശ്രീധരനും യോജിപ്പാണെന്ന് മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം, പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജ് ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചു. പ്രതികളായ ടി.ഒ സൂരജ്, സുമിത് ഗോയല്‍, എം.ടി തങ്കച്ചന്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.

കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം അനുവദിച്ചത്. പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ്, ആര്‍.ഡി.എസ് കമ്പനി ഉടമ സുമിത് ഗോയല്‍, റോഡ്സ് ആന്റ് ബ്രിഡ്ജസ് മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.ടി തങ്കച്ചന്‍ എന്നിവര്‍ റിമാന്‍ഡിലായിട്ട് രണ്ടുമാസമായെന്നും ഇനിയും കസ്റ്റഡിയില്‍ വെക്കേണ്ടതിന്റെ ആവശ്യം ഇല്ലെന്നും പ്രതികള്‍ കോടതിയില്‍ വാദിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ