| Tuesday, 4th September 2018, 9:11 am

മാവോയിസ്റ്റുകളും നക്‌സലുകളുമല്ല, ജനങ്ങളാണ് സര്‍ക്കാരിനെ താഴെയിറക്കുക: ബി.ജെ.പിയെ പരിഹസിച്ചും വിമര്‍ശിച്ചും ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഭരണകൂടത്തെ താഴെയിറക്കാനുള്ള മാവോയിസ്റ്റ് പദ്ധതിയുടെ ഭാഗമായ സാമൂഹിക പ്രവര്‍ത്തകരെയാണ് അറസ്റ്റു ചെയ്തതെന്ന ബി.ജെ.പിയുടെ അവകാശവാദത്തെ നിശിതമായി വിമര്‍ശിച്ച് ശിവസേന. ഇത്തരം വിഡ്ഢിത്തങ്ങള്‍ പറയുന്നത് സര്‍ക്കാര്‍ നിര്‍ത്തണമെന്നാണ് ശിവസേന മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നത്.

“സര്‍ക്കാര്‍ ഇത്തരം വിഡ്ഢിത്തങ്ങള്‍ പറയുന്നത് നിര്‍ത്തണം. നിങ്ങളെ ആരാണ് അധികാരത്തില്‍ നിന്നും താഴെയിറക്കുക? മന്‍മോഹന്‍ സര്‍ക്കാരിനെ താഴെയിറക്കിയത് മാവോയിസ്റ്റുകളും നക്‌സലുകളുമല്ല, ജനങ്ങളാണ്. സര്‍ക്കാരുകളെ താഴെയിറക്കുന്നത് ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെയാണ്.” കുറിപ്പില്‍ പറയുന്നു.

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നു എന്ന പൊലീസ് ഭാഷ്യത്തെക്കുറിച്ചും എഡിറ്റോറിയലില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. “മോദിയുടെ സുരക്ഷാവലയം അതിശക്തമാണ്. ഒരു കുരുവിക്കുപോലും അദ്ദേഹത്തിന്റെ തലയ്ക്കുമുകളിലൂടെ പറക്കാനാവില്ല.” ശിവസേന വിശദീകരിച്ചു.

Also Read: ഫാസിസ്റ്റ് ബി.ജെ.പി തുലയട്ടെ; ബി.ജെപി തമിഴ്‌നാട് തലവനെതിരെ മുദ്രാവാക്യം വിളിച്ചതിന് യുവതിയെ ജയിലിലടച്ചു

മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നിര്‍ഭയരായിരുന്നെന്നും അതിന്റെ വില അവര്‍ക്കൊടുക്കേണ്ടിവന്നെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. എന്നാല്‍ മോദി അത്തരത്തിലൊരു സാഹസത്തിന് മുതിരില്ല. സര്‍ക്കാരുകളെ താഴെയിറക്കാനുള്ള കഴിവ് മാവോയിസ്റ്റുകള്‍ക്കുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് പശ്ചിമബംഗാളിലും ത്രിപുരയിലും മണിപ്പൂരിലുമൊന്നും അധികാരം നഷ്ടപ്പെടില്ലായിരുന്നുവെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നുണ്ട്.

പൊലീസ് നാവടക്കി ജോലി ചെയ്യണം. അതല്ലെങ്കില്‍ മോദിയും ബി.ജെ.പിയും അപഹാസ്യരാകും – ശിവസേന മുന്നറിയിപ്പു നല്‍കുന്നു. ആഗസ്ത് 28നാണ് ഭീമ കോര്‍ഗാവ് അക്രമങ്ങളുമായി ബന്ധപ്പെട്ടെന്ന പേരില്‍ അഞ്ചു സാമൂഹിക പ്രവര്‍ത്തകരെ പൂനെ പൊലീസ് അറസ്റ്റു ചെയ്തത്.

We use cookies to give you the best possible experience. Learn more