തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ മുസ്ലീങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകള്‍ മതസംഘടനകള്‍ക്കു വിഭജിച്ചു നല്‍കിയ വിവാദ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. ഉത്തരവ് വിവാദമായതോടെ മുഖ്യമന്ത്രി ഇടപെട്ട് ഇത് പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
അപാകതകള്‍ തിരുത്തി പുതിയ യഉത്തരവ് ആരോഗ്യവകുപ്പ് ഉടന്‍ പുറത്തിറക്കും. സര്‍ക്കാര്‍ നിലപാടിനെതിരെ ചില മുസ്‌ലിം സംഘടനകളും എസ്.എഫ്.ഐയും ശക്തമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ മുസ്ലീങ്ങള്‍ക്കായി സംവരണം ചെയ്ത മെഡിക്കല്‍ സീറ്റുകളില്‍ പ്രവേശനം നേടണമെങ്കില്‍ ഏതെങ്കിലുമൊരു മതസംഘടനയുടെ ഭാഗമാകണമെന്ന് നിഷ്‌കര്‍ഷിച്ച് സര്‍ക്കാര്‍ ഉത്തരവ് ജൂലൈ 29നാണ് പുറത്തിറങ്ങിയത്. മുസ്ലിം മാനേജ്മെന്റിനു കീഴിലുള്ള കോളജുകളില്‍ മുസ്ലീങ്ങള്‍ക്കായി സംവരണം ചെയ്ത പകുതി സീറ്റ് വിവിധ മതസംഘടനകള്‍ക്കു വിഭജിച്ചു നല്‍കുകയായിരുന്നു.
മുസ്ലീങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകള്‍ മുജാഹിദ്, സുന്നി, ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലിം ജമാഅത്ത് എന്നീ സംഘടനകള്‍ക്ക് വിഭജിച്ചു നല്‍കുകയാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ ചെയ്തത്. ഇതാണ് പ്രതിഷേധത്തിനു കാരണമായത്.