തിരുവനന്തപുരം: ഞായറാഴ്ച്ചകളിലുണ്ടായിരുന്ന ഡ്രൈഡേ ഒഴിവാക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. മദ്യനയത്തില്‍ പ്രായോഗികമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മുമ്പ് മദ്യനയത്തിന്റെ ഭാഗമായി കൊണ്ടുവന്ന ഞായറാഴ്ചകളിലെ മദ്യനിരോധനം ഒഴിവാക്കുന്നത്.
അതേസമയം പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക് ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. 418 ബാറുകള്‍ക്കാണ് ഇങ്ങനെ പ്രവര്‍ത്തനനാനുമതി ലഭിക്കുക. എന്നാല്‍ മദ്യനയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനെ മുസ്ലീം ലീഗ് ശക്തമായി എതിര്‍ത്തു. മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ച വൃത്തിയുള്ള ബാറുകള്‍ക്കാണ് അനുമതി ലഭിക്കുക.
ദേശീയപാതയുടെ വശങ്ങളിലെ ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് കോടതിയുടെ നിര്‍ദ്ദേശം പ്രാവര്‍ത്തികമാണെന്ന് തോന്നുന്നില്ല . പകരം ഇവ അടച്ചുപൂട്ടാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. നേരത്തെ തീരുമാനിച്ച പോലെ വിവിധ ഘട്ടങ്ങളിലായി പത്തു ശതമാനം ബീവറേജസ് ഔട്‌ലെറ്റുകള്‍ വീതം അടക്കും. ഇതിന്റെ ഭാഗമായി 2015 ജനുവരി ഒന്നിന് പത്തുശതമാനം ബാറുകള്‍കൂടി അടക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മദ്യനയത്തില്‍ മുസ്ലീം ലീഗുമായി എന്നും വിയോജിപ്പ് ഉണ്ടായിട്ടുണ്ട്. അത് ഇന്നും തുടരുന്നു. അവര്‍ സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെടുന്നുവെങ്കില്‍ യു.ഡി.എഫ് ലക്ഷ്യമിടുന്നത് ഘട്ടങ്ങളായുള്ള നിരോധനമാണെന്നും ലീഗില്‍ നിന്നുണ്ടായ വിയോജിപ്പ് ചൂണ്ടികാണിച്ച് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പുതിയതായി ഫോര്‍സ്റ്റാര്‍, ത്രീസ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കില്ല എന്നും എന്നാല്‍ ഫൈവ്സ്റ്റാറിന് മുകളിലുള്ളവയ്ക്ക് ലൈസന്‍സ് നല്‍കും. ജോലി നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് ബാറുടമകള്‍തന്നെ തൊഴില്‍ നല്‍കണമെന്നാണ് യോഗത്തിലെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.