കൊച്ചി: ഭരണസംവിധാനങ്ങളെ കൃത്യമായി പരിശോധിക്കുകയും അധികാരദുര്‍വിനിയോഗം തടയുകയുമാണ് ഭരണഘടനയുടെ ലക്ഷ്യമെന്ന് മുന്‍ ജസ്റ്റിസ് ചെലമേശ്വര്‍. കേവലഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന എല്ലാ സര്‍ക്കാരുകളും ജുഡീഷ്യറിക്കുമേല്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി വരുതിക്കു നിര്‍ത്താനാണ് ശ്രമിക്കാറുള്ളതെന്നും ചെലമേശ്വര്‍ തുറന്നടിച്ചു.
മനോനമ ന്യൂസ് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ “സ്വാതന്ത്ര്യത്തിന്റെ വില” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരദുര്‍വിനിയോഗം നടത്തുകയെന്നത് മനുഷ്യസഹജമാണെന്ന് പറഞ്ഞ അദ്ദേഹം അധികാരം എപ്പോഴും പരിപൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
“ജനാധിപത്യം നിലനില്‍ക്കുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്, അല്ലാതെ വ്യക്തികളുടെ അധികാരത്തിലല്ല. ഇവിടെയാണ് ഭരണഘടനയുടെ പ്രസക്തി.” ചെലമേശ്വര്‍ പറഞ്ഞു.
“മനുഷ്യര്‍ മാലാഖമാരായിരുന്നെങ്കില്‍ ഇവിടെ ഒരു ഭരണസംവിധാനത്തിന്റെ ആവശ്യം വരില്ലായിരുന്നു. മനുഷ്യനെ ഭരിച്ചിരുന്നത് മാലാഖമാരായിരുന്നെങ്കില്‍ നിയമസംവിധാനത്തിന്റെയും” എന്ന പ്രശസ്ത വാചകം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഭരണവ്യവസ്ഥകള്‍ മനുഷ്യന്റെ അടിസ്ഥാനപരമായ ദൗര്‍ബല്യങ്ങളെക്കൂടി കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
“സ്റ്റേറ്റിന്റെ വിവിധ ഘടകങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഭരണഘടനയില്‍ ഉണ്ടെങ്കിലും, ഈ സ്വാതന്ത്ര്യം യഥാര്‍ത്ഥത്തില്‍ നിശ്ചയിക്കുന്നത് ഉയര്‍ന്ന സ്ഥാനങ്ങള്‍ കയ്യാളുന്ന വ്യക്തികള്‍ തന്നെയാണ്.” ചെലമേശ്വര്‍ വ്യക്തമാക്കി.
“ഒരു ജഡ്ജിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് പ്രധാനമായും രണ്ട് സാഹചര്യങ്ങളിലാണ്. ഒന്ന് എന്തെങ്കിലും ഒളിച്ചുവെക്കാനുണ്ടെങ്കിലാണ്. അല്ലെങ്കില്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടി സര്‍ക്കാരിനെ എതിര്‍ക്കാതിരിക്കുമ്പോഴും.” ചെലമേശ്വര്‍ സമകാലീന സംഭവങ്ങളെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.
കേവല ഭൂരിപക്ഷം നേടിയ ഓരോ സര്‍ക്കാരും ജുഡീഷ്യറിക്കുമേല്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ ശ്രമിക്കും. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരുടെ വ്യക്തിത്വത്തിന്റെ കരുത്ത് പ്രകടമാക്കേണ്ടത്. അങ്ങിനെ മാത്രമേ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ കഴിയ എന്നും ചെലമേശ്വര്‍ കൂട്ടിച്ചേര്‍ത്തു.