| Friday, 20th July 2018, 11:51 pm

കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം തള്ളി: പ്രമേയം പരാജയപ്പെട്ടത് 126നെതിരെ 325 വോട്ടുകള്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ലോക്‌സഭ തള്ളി. 126നെതിരെ 325 വോട്ടുകള്‍ക്കാണ് സഭ പ്രമേയം തള്ളിയത്. പ്രമേയം ശബ്ദവോട്ടിനിട്ടിട്ടും ഫലം തീര്‍ച്ചപ്പെടുത്താനാകാഞ്ഞതിനാല്‍ ഇലക്ട്രോണിക് വോട്ടിലേക്ക് നീങ്ങാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിക്കുകയും തുടര്‍ന്നു നടന്ന വോട്ടിങ്ങില്‍ ടി.ഡി.പി കൊണ്ടുവന്ന പ്രമേയം പരാജയപ്പെടുകയുമായിരുന്നു.

അണ്ണാ ഡി.എം.കെയുടെ പിന്തുണയും എന്‍.ഡി.എയ്ക്ക് ലഭിച്ചിരുന്നു. അണ്ണാ ഡി.എം.കെയിലെ നാല് എം.പിമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിപക്ഷപ്പാര്‍ട്ടികള്‍ 154 വോട്ടുകള്‍ നേടാന്‍ കണക്കുകൂട്ടിയിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും കുറവു വോട്ടുകളേ നേടാന്‍ സാധിച്ചുള്ളൂ.

നേരത്തേ പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദിക്കെതിരെ ആഞ്ഞടിച്ചിരുന്നു. റാഫേല്‍ കരാര്‍ സംബന്ധിച്ച കാര്യങ്ങളിലും മറ്റു സുപ്രധാന വിഷയങ്ങളിലും മോദിയെ പ്രതിസ്ഥാനത്തുനിര്‍ത്തി സംസാരിച്ച രാഹുല്‍, പ്രസംഗത്തിനു ശേഷം പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തതും ചര്‍ച്ചയായിരുന്നു.


Also Read: 2024ല്‍ മറ്റൊരു അവിശ്വാസ പ്രമേയം കൊണ്ട് വരാന്‍ നിങ്ങള്‍ക്ക് ശക്തി ഉണ്ടാവട്ടെ: മോദിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍


എന്നാല്‍, രാഹുല്‍ ഉന്നയിച്ച വിഷയങ്ങള്‍ക്കു മറുപടി നല്‍കാതെ, ഭരണനേട്ടങ്ങള്‍ ഉദ്ധരിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം. കോണ്‍ഗ്രസിനെതിരെ പ്രത്യാരോപണങ്ങള്‍ കൊണ്ടുവരാനും മോദി മറന്നില്ല.

രാവിലെ പതിനൊന്നു മണിയോടു കൂടി ആരംഭിച്ച അവിശ്വാസപ്രമേയ ചര്‍ച്ച അല്പം മുന്നെയാണ് വോട്ടെടുപ്പോടെ അവസാനിച്ചത്. രണ്ടു മണിക്കൂറോളം സമയമെടുത്തായിരുന്നു ചര്‍ച്ചയില്‍ മോദിയുടെ മറുപടി പ്രസംഗം.

We use cookies to give you the best possible experience. Learn more