| Wednesday, 23rd September 2020, 1:11 pm

സെക്രട്ടറിയേറ്റിലെ തീപിടിത്തം; മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി തീയിട്ടുവെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടുത്തം സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

തീപിടുത്തത്തില്‍ നയതന്ത്ര രേഖകള്‍ കത്തിപ്പോയെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.

സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി തീയിട്ടുവെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇക്കഴിഞ്ഞ ആഗസ്റ്റ് 25 നാണ് സെക്രട്ടറിയേറ്റില്‍ തീപിടുത്തമുണ്ടായത്. നോര്‍ത്ത് ബ്ലോക്കിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേന എത്തിയാണ് തീ അണച്ചത്.

സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സെക്രട്ടറിയേറ്റിലെ തീപിടുത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഫയലുകളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ യു.ഡി.എഫും ബി.ജെ.പിയും സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസമയം പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത രംഗത്തെത്തിയതും വിവാദമായിരുന്നു.

ചീഫ് സെക്രട്ടറി നേരിട്ടെത്തിയാണ് സമരക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കിയത്. മാധ്യമങ്ങളെ സംഭവസ്ഥലത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പിന്നീട് സെക്രട്ടറിയേറ്റിനുമുന്നിലെ പ്രതിഷേധം പൊലീസുമായി സംഘര്‍ഷത്തില്‍ കലാശിച്ചതും വാര്‍ത്തയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights;  government-will-take-action-against-media-who-gave-false-news-on-secretariat-fire

We use cookies to give you the best possible experience. Learn more