| Monday, 4th June 2018, 6:09 pm

നിപാ ആശങ്ക ഒഴിഞ്ഞു; ചികിത്സാ ചെലവ് തിരിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിപാ വൈറസ് ബാധിച്ച രോഗികള്‍ക്കുണ്ടായ ചികിത്സാ ചെലവ് ബന്ധപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ തിരിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കളക്ടര്‍മാര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് വിശകലനം ചെയ്ത ശേഷമായിരിക്കും പണം തിരിച്ച് നല്‍ കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുക.

നിപാ ബാധയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ ആശങ്ക ഒഴിഞ്ഞെന്നും, ഇനിയും ഭീതി ജനിപ്പിക്കുന്ന പ്രചരണങ്ങള്‍ നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. സര്‍വകക്ഷി യോഗത്തിന് ശേഷം വിളിച്ച് ചേര്‍ത്ത ചടങ്ങില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിപാ വൈറസ് ബാധയുണ്ടായ കുടുംബങ്ങള്‍ക്ക് നാളെ മുതല്‍ നിത്യോപയോഗ കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. കോഴിക്കോട് 2400 കുടുംബങ്ങള്‍ക്കും മലപ്പുറത്ത് 150 കുടുംബങ്ങള്‍ക്കുമാണ് നിത്യോപയോഗ കിറ്റ് വിതരണം ചെയ്യുക. അരി,പഞ്ചസാര, ചായപ്പൊടി തുടങ്ങിയ സാധനങ്ങളെല്ലാം ഉള്‍പ്പെടുന്നതാണ് കിറ്റ്.

നേരത്തെ നിപാ പ്രതിരോധത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അഭിനന്ദനാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ പിന്തുണയും നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

We use cookies to give you the best possible experience. Learn more