ന്യൂദല്‍ഹി: വരള്‍ച്ച ബാധിത സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമേകി കാര്‍ഷിക വായ്പകളുടെ പലിശ ഏഴ് ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. നിലവില്‍ 12% മാണ് കാര്‍ഷിക വായ്പയുടെ പലിശ.
ഇതോടൊപ്പം വരള്‍ച്ച ബാധിച്ച പ്രദേശങ്ങളില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മിനിമം തൊഴില്‍ ദിനങ്ങള്‍ 100ല്‍ നിന്ന് 150 ആക്കി. കേന്ദ്ര കൃഷി മന്ത്രി ശരദ് പവാറിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനം.[]
അഞ്ച് വര്‍ഷത്തേക്കെങ്കിലും ഈ പലിശ നിരക്ക് തുടരണമെന്നാണ് കൃഷി മന്ത്രാലയത്തിന്റെ ആവശ്യം. സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതിയുടെ മുന്നില്‍ ഈ ശുപാര്‍ശ മുന്നോട്ടുവയ്ക്കും.
കര്‍ണാടക, ഗുജറാത്ത്, മഹരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ 390 താലൂക്കുകള്‍ വരള്‍ച്ചാ ബാധിത പ്രദേശങ്ങളായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കാലവര്‍ഷം ഒമ്പത് ശതമാനം കുറവാണ്.
ധനമന്ത്രി പി.ചിദംബരം, പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി, നഗരവികസന മന്ത്രി കമല്‍നാഥ് എന്നിവര്‍ പ്രത്യേക മന്ത്രിസഭാ സമിതിയില്‍ അംഗങ്ങളാണ്. വിളകള്‍ സംരക്ഷിക്കാന്‍ പ്രത്യേക ജലസേചന പദ്ധതി തയാറാക്കുന്നത് സംബന്ധിച്ചും സമിതി ചര്‍ച്ച നടത്തി.