| Saturday, 26th February 2022, 2:06 pm

ഉക്രൈനില്‍ നിന്ന് ഇന്ത്യയിലെത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുളള വിമാന ടിക്കറ്റ് സര്‍ക്കാര്‍ നല്‍കും: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉക്രൈനില്‍ നിന്ന് ദല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെത്തുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മടങ്ങിയെത്തുന്ന മലയാളികളെ കേരളം സൗജന്യമായി ദല്‍ഹിയില്‍ നിന്നും നാട്ടിലെത്തിക്കുമെന്നും ആവശ്യമെങ്കില്‍ വേണ്ട താമസ സൗകര്യവും ഒരുക്കാന്‍ തയ്യാറാണെന്നും ദല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണിയും അറിയിച്ചു. കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം, ഉക്രൈനില്‍ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും. 470 പേരുടെ സംഘത്തെയാണ് റുമേനിയ വഴി ഇന്ന് ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നത്. തിരിച്ചെത്തുന്നവരില്‍ 17 മലയാളികളുമുണ്ട്. കൂടുതല്‍ ആളുകളെ എത്തിക്കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ ഇന്ന് തന്നെ മുംബൈയില്‍ നിന്ന് ഉക്രൈനിലേക്ക് പുറപ്പെടുമെന്നാണ് വിവരം.

ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തില്‍ എത്തിയത്. ഭക്ഷണവും വെള്ളവും ഇവര്‍ക്ക് എംബസി അധികൃതര്‍ വിതരണം ചെയ്തിരുന്നു.

മടക്കയാത്രക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി വിദ്യാര്‍ത്ഥികളും എംബസി അധികൃതരും അറിയിച്ചു. മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ എത്തും. റൊമേനിയന്‍ അതിര്‍ത്തി വഴി രണ്ടാമത്തെ സംഘത്തെയും ഇന്ന് വിമാനത്താവളത്തില്‍ എത്തിക്കും. ദില്ലിയില്‍ നിന്നും രണ്ടാം വിമാനവും ഇന്ന് ബുക്കാറെസ്റ്റിലേക്ക് എത്തും. ഹംഗറിയിലേക്കും ഇന്ന് വിമാനമുണ്ട്.

അതേസമയം, രക്ഷാദൗത്യങ്ങള്‍ വിലയിരുത്താനായി ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം ചേരും. സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം ചേരുന്നത്. ഉക്രൈന്‍ സാഹചര്യങ്ങളെ യോഗം വിലയിരുത്തും.


Content Highlights: Government will issue flight tickets to Kerala for Malayalee students arriving in India from Ukraine said by Pinarayi Vijayan

We use cookies to give you the best possible experience. Learn more