പെയ്ഡ് ന്യൂസ് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുന്നു
India
പെയ്ഡ് ന്യൂസ് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2013, 8:09 am

[] ന്യൂദല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ശേഷിക്കേ പെയ്ഡ് ന്യൂസ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണംനടത്തുന്നു. പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ് ബില്‍ എന്ന പേരില്‍ അറിയപ്പെടുന്ന  നിയമം പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തിലാവും അവതരിപ്പിക്കുക.

പ്രസ്തുത നിയമപ്രകാരം പെയ്ഡ് ന്യൂസ് വരുന്ന മാധ്യമങ്ങളെ സസ്‌പെന്‍ഡ് ചെയ്യാനോ ജിസ്‌ട്രേഷന്‍ റദ്ദാക്കാനോ അധികാരമുണ്ടായിരിക്കുമെന്ന്  ബില്ലിന്റെ കരട് രൂപത്തില്‍ പറയുന്നുണ്ട്.

പണമോ മറ്റ് പരിഗണനകളോ മുന്‍നിര്‍ത്തി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെയാണ് പെയ്ഡ് ന്യൂസ്  എന്ന് പറയുന്നത്. ആനുകാലികങ്ങള്‍, ദിനപത്രങ്ങള്‍, മാസികകള്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍, വെബ്‌സൈറ്റുകള്‍ എന്നിവ ബില്ലിന്റെ പരിധിയില്‍ വരും.

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് പ്രസിദ്ധീകരണങ്ങള്‍ പരിശോധിക്കുക. തുടര്‍ന്ന് സസ്‌പെന്‍ഷന്‍, രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ തുടങ്ങിയ നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും സര്‍ക്കാര്‍ അന്തിമതീരുമാനം കൈക്കൊള്ളുകയും ചെയ്യും.

പത്ത് ദിവസത്തിനകം പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ അപ്പലേറ്റ് ബോര്‍ഡിന് മുമ്പാകെയോ കോടതിയിലോ പ്രസിദ്ധീകരണത്തിന് അപ്പീല്‍ നല്‍കാം.

ബില്ലിനെ സംബന്ധിച്ച ചര്‍ച്ച പൂര്‍ത്തിയായെന്നും ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി പറഞ്ഞു.