ന്യൂദല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ച തീരുമാനം മരവിപ്പിച്ചു. വിലവര്‍ദ്ധിപ്പിച്ചാല്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ നേരിടേണ്ടി വരുമായിരുന്നു. കഴിഞ്ഞ തവണ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് യു.പി.എ സഖ്യം വിട്ടതടക്കമുള്ള പ്രതിഷേധങ്ങള്‍ക്ക് രാജ്യം സാക്ഷിയായതാണ്. എണ്ണക്കമ്പനികള്‍ രാവിലെ ചേര്‍ന്ന അവലോകന യോഗത്തിലാണ് സിലിണ്ടര്‍ ഒന്നിന് 26 രൂപ 50 പൈസ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഗാര്‍ഹികാവശ്യത്തിനുപയോഗിക്കുന്ന 14.2 കിലോ തൂക്കമുള്ള സിലിണ്ടറിനാണ് നേരത്തെ വില വര്‍ദ്ദിപ്പിച്ചത്.[]
കെജ്‌രിവാളും സംഘവും റിലയന്‍സാണ് ഇന്ത്യയെ ഭരിക്കുന്നത് എന്ന ആരോപണം കഴിഞ്ഞ ദിവസമാണ് ആരോപിച്ചത്. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വില വര്‍ദ്ധന പിന്‍വലിക്കുന്നതെന്നും ശ്രദ്ധേയമാണ്. റിലയന്‍സിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ജയ്പാല്‍ റെഢിയെ മാറ്റി വീരപ്പ മൊയ്‌ലി പെട്രോളിയം വകുപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ തീരുമാനിച്ചത്.
പെട്രോളിന്റെ വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് പോലെ പാചകവാതകത്തിന് വിലവര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവും കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിട്ടു കൊടുത്തിരുന്നു. വില നിശ്ചയിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് നല്‍കിയ ശേഷം ഇത് മൂന്നാം തവണയാണ് ഇപ്പോള്‍ വില കൂട്ടുന്നത്. നേരത്തെ കമ്പനികള്‍ നഷ്ടത്തിലാണെന്ന് പറഞ്ഞ് 150 രൂപ ആദ്യം വര്‍ധിപ്പിച്ചു. തുടര്‍ന്ന് ഏജന്റുമാര്‍ക്കെന്ന് പറഞ്ഞ് കമ്മീഷന്‍ തുകയായി 12 രൂപയും തുടര്‍ന്ന് ഇപ്പോഴെടുത്ത തീരുമാനവുമടക്കം മൂന്ന് തവണ.
വര്‍ദ്ധിപ്പിച്ച തീരുമാനം മരവിപ്പിച്ചില്ലായിരുന്നുവെങ്കില്‍ സബ്‌സിഡിയുള്ള ഒരു പാചകവാതക സിലിണ്ടറിന് 958 രൂപയായി കൂടുമായിരുന്നു. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികളുടെ തീരുമാനത്തെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ വിലവര്‍ധന മരവിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.