| Tuesday, 17th April 2018, 7:45 pm

നോട്ട് ക്ഷാമം: 500 രൂപ നോട്ടുകളുടെ അച്ചടി അഞ്ചിരട്ടി വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കറന്‍സി നോട്ടുകളുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ അഞ്ഞൂറ് രൂപ നോട്ടുകളുടെ അച്ചടി അഞ്ച് മടങ്ങ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ തീരുമാനം. ധനകാര്യവകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആണ് ഇക്കാര്യമറിയിച്ചത്. രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ കറന്‍സി ക്ഷാമം രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് നീക്കമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

രാജ്യത്ത് കറന്‍സി ക്ഷാമമില്ലെന്നും ആവശ്യകത വളരെയധികം വര്‍ധിച്ചിട്ടുണ്ടെന്നുമാണ് ഗാര്‍ഗ് ഇതു സംബന്ധിച്ച നല്‍കിയിരിക്കുന്ന വിശദീകരണം. “18 ലക്ഷം കോടി രൂപ ഇപ്പോള്‍ രാജ്യത്ത് പ്രചാരത്തിലുണ്ട്. നോട്ട് നിരോധിക്കലിന്റെ കാലത്ത് ഇത് 17.5 ലക്ഷം കോടി മാത്രമായിരുന്നു. ആവശ്യമുള്ളതിനേക്കാള്‍ 2 മുതല്‍ 3.5 ലക്ഷം കോടി രൂപ വരെ കരുതല്‍ ശേഖരമായി സര്‍ക്കാര്‍ സൂക്ഷിക്കാറുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്ത് കറന്‍സിയുടെ ആവശ്യകത വളരെയധികം വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ കറന്‍സി വിതരണം ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ 1.75 ലക്ഷം കോടിയുടെ കരുതല്‍ ശേഖരം രാജ്യത്തുണ്ട്. ഗാര്‍ഗ് പറഞ്ഞു.


Also Read: ദല്‍ഹി സര്‍ക്കാരിലെ ഒമ്പത് ഉപദേശകരെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി


“നിലവില്‍ പുറത്തിറങ്ങുന്നതിന്റെ അഞ്ചു മടങ്ങ് പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദിവസവും അഞ്ഞൂറ് കോടിയുടെ അഞ്ഞൂറ് രൂപ നോട്ടുകളാണ് ഇപ്പോള്‍ ദിനം പ്രതി പുറത്തിറക്കുന്നതെങ്കില്‍ അഞ്ച് മടങ്ങ് വര്‍ധിപ്പിച്ച് ദിവസവും 2500 കോടി അഞ്ഞൂറ് രൂപ നോട്ടുകള്‍ എന്ന നിലയിലേക്കെത്തിക്കാനാണ് തീരുമാനം. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് നടപ്പാവും. ഒരുമാസത്തിനകം 70,000 മുതല്‍ 75,000 കോടിയുടെ അഞ്ഞൂറ് രൂപാ നോട്ടുകള്‍ പുറത്തിറക്കും” സുഭാഷ് ചന്ദ്ര ഗാര്‍ഗ് അറിയിച്ചു.

മാസം തോറും കറന്‍സി നോട്ടുകളുടെ ആവശ്യകത ശരാശരി 20,000 കോടി രൂപയാണ്. എന്നാല്‍, ഏപ്രില്‍ മാസത്തില്‍ 13 ദിവസത്തിനുള്ളില്‍ ആവശ്യകത 45,000 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടെന്നും ഇത് പ്രാദേശികമായി മാത്രം കാണപ്പെടുന്ന വസ്തുതയാണെന്നും ഗാര്‍ഗ് അഭിപ്രായപ്പെട്ടു.

ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മധ്യപ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലാണ് നോട്ട് ക്ഷാമം രൂക്ഷമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ വിമര്‍ശനവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യത്തെ ബാങ്കിംഗ് വ്യവസ്ഥയെ മോദി തകര്‍ത്തതിന്റെ ഫലമാണ് രാജ്യം നേരിടുന്ന കടുത്ത നോട്ട് ക്ഷാമത്തിന്റെ കാരണമെന്ന് കുറ്റപ്പെടുത്തിയിരുന്നു.


Dont Miss: നമ്മുടെ പ്രതിഷേധങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച് ചില വിചാരങ്ങള്‍

നീരവ് മോദി നമ്മുടെ കോടികള്‍ തട്ടിയെടുത്ത് മുങ്ങിയിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. നമ്മുടെ പോക്കറ്റില്‍ നിന്നും 500,1000 രൂപയുടെ കറന്‍സികള്‍ അടിച്ചു മാറ്റിയ മോദി അത് നീരവ് മോദിയ്ക്ക് കൊടുത്തെന്നും എന്നിട്ടിപ്പോള്‍ നമ്മളെ എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ ക്യൂവില്‍ നിറുത്തുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more