|

ഇടുക്കിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം; 1966 ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇടുക്കിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. 1966 ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്താനാണ് തീരുമാനം. ഇതുപ്രകാരം 15 സെന്റ് വരെയുള്ള പട്ടയഭൂമിയിലെ 1500 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള കെട്ടിടനിര്‍മാണത്തിനാണ് സാധുത നല്‍കുന്നത്.

എന്നാല്‍ 1500 സ്‌ക്വയര്‍ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് ഇളവ് ലഭിക്കില്ല. ഇവയെ അനധികൃത നിര്‍മാണമായി കണക്കാക്കി നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. അതേസമയം, അടുത്ത പത്ത് വര്‍ഷത്തേക്ക് ഉടമകള്‍ക്ക് തന്നെ പാട്ടത്തിന് കൊടുക്കാന്‍ തീരുമാനം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

15 സെന്റ് വരെയും 1500 ചതുരശ്ര അടിക്ക് താഴെയുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ക്ക് വിട്ടു നല്‍കും. ഈ ഉടമകള്‍ക്ക് ഇടുക്കി ജില്ലയിലോ മറ്റിടത്തോ സ്വന്തമായി ഭൂമി ഉണ്ടാകാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. മറ്റ് ഉപജീവനമാര്‍ഗങ്ങള്‍ ഇല്ലെന്നും തെളിയിക്കണം.

1964ലെ ഭൂമി പതിവ് ചട്ടപ്രകാരം ഭൂമി പതിച്ച് നല്‍കിയവര്‍ ആ പാട്ട വ്യവസ്ഥ ലംഘിച്ചുകൊണ്ട് പല സ്ഥലങ്ങളിലും അനധികൃത നിര്‍മ്മാണം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് 2010ല്‍ ഹൈകോടതി ഉത്തരവ് നിലവിലുണ്ട്.

ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗം ഈ ശിപാര്‍ശകള്‍ പരിഗണിച്ചതെന്നാണ് റവന്യൂ വകുപ്പ് അറിയിക്കുന്നത്. എന്‍.ഒ.സിയില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ നടപടി എടുക്കുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

ഇടുക്കി ജില്ലയിലെ ചെറുകിട വ്യാപാരികള്‍ ഏറെനാളായി ഉന്നയിക്കുന്ന ആവശ്യത്തിലാണ് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് സി.പി.ഐ.യും സി.പി.എമ്മും നേരത്തെ ധാരണയിലെത്തിയിരുന്നു.

എന്നാല്‍ ഭൂപരിധി 1500 സ്‌ക്വയര്‍ ഫീറ്റായി നിശ്ചയിക്കണമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനാണ് തീരുമാനമെടുത്തത്. പരിധി ഉയര്‍ത്തിയാല്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് പരിധി 1500 സ്‌ക്വയര്‍ ഫീറ്റായി നിജപ്പെടുത്തിയത്.