| Tuesday, 25th August 2015, 6:07 pm

സി.ഇ.ടി സംഭവത്തിന്റെ മറവില്‍ ക്യാമ്പസുകളില്‍ അടിയന്തിരാവസ്ഥ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.ഇ.ടി കോളേജില്‍ ഓണാഘോഷത്തിനിടെ സംഭവിച്ച വിദ്യാര്‍ത്ഥിനിയുടെ ദാരുണ മരണത്തെ മുതലെടുത്ത് കോളേജ് ക്യാമ്പസുകളില്‍ അടിയന്തിരാവസ്ഥ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളെ കര്‍ശനമായി നിയന്ത്രിക്കുവാന്‍ പ്രിന്‍സിപ്പല്‍മാരെ ചുമതലപ്പെടുത്തുകയും അല്ലാത്തപ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും ഉന്നതതല സമിതിയോഗത്തില്‍ നിര്‍ദ്ദേശങ്ങളുയര്‍ന്നു.

ആഘോഷപരിപാടികളില്‍ പ്രിന്‍സിപ്പല്‍മാരുടെ അനുമതിവേണം. ആഘോഷങ്ങള്‍ കോളേജ് അച്ചടക്ക സമിതി പരിശോധിക്കണം. നിലവിലുള്ള ഈ നിര്‍ദ്ദേശത്തിന് പുറമെ നിയമം ലംഘിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും പിഴ ഈടാക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. മൂന്ന് തവണ നിയമം ലംഘിച്ചാല്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നും ഉന്നതതല സമിതിയോഗം നിര്‍ദ്ദേശിക്കുന്നു.

യൂണിയന്‍ ഓഫീസുകള്‍ ആഴ്ച്ചയിലൊരിക്കല്‍ അച്ചടക്ക സമിതി പരിശോധിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന യൂണിയനുകളെ പരിശോധിക്കാനും നിയന്ത്രിക്കാനും പ്രിന്‍സിപ്പല്‍ അധ്യക്ഷനായ സമിതി രൂപീകരിക്കണം. അധ്യയന സമയത്ത് മാത്രമേ യൂണിയന്‍ ഓഫീസ് പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. പോലീസിന് അനുമതിയില്ലാതെ യൂണിയന്‍ ഓഫീസുകളും പരിശോധിക്കാം.

നിലവില്‍ തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്ത ക്യാമ്പസുകളില്‍ സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ദൂരവ്യാപകയമായ ഫലങ്ങളുണ്ടാക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു അരസികനായ പ്രിന്‍സിപ്പാളിനും മാനേജ്‌മെന്റിനും കോളേജ് ക്യാമ്പസുകളെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുവാനും ഒരു     “സെമി നരകം” സൃഷ്ടിക്കുവാനും സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ സഹായകരമാണെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

We use cookies to give you the best possible experience. Learn more