നായ്ക്കളെ വന്ധ്യംകരിക്കാനായി മൃഗാശുപത്രിയിലെത്തിക്കുകയും തിരികെ കൊണ്ടുപോകുകയും ചെയ്യുന്നവര്‍ക്ക് 250 രൂപ വീതം നല്‍കുമെന്ന് തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനായി രൂപീകരിച്ച മന്ത്രിതല സമിതി. “സേഫ് കേരള” എന്നാണ് ഈ പദ്ധതിയുടെ പേര്.
തെരുവുനായ്ക്കള്‍ക്കുപുറമെ വളര്‍ത്തുനായ്ക്കളെയും ഇത്തരത്തില്‍ വന്ധ്യംകരിക്കാനായി കൊണ്ടുവരാം. മന്ത്രി മഞ്ഞളാംകുഴി അലിയാണ് ഇക്കാര്യമറിയിച്ചത്. ഒക്ടോബര്‍ 1 മുതലാണ് പദ്ധതി ആരംഭിക്കുക. കൂടുതല്‍ വന്ധ്യംകരണ കേന്ദ്രങ്ങളും തുറക്കും.
അതേസമയം പേവിഷബാധയേറ്റതും അക്രമകാരികളുമായ നായ്ക്കളെ നിയന്ത്രിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതിന് നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി, ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും അറിയിച്ചു.
നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നായ്ക്കളെ കൊല്ലാമെന്നാണോ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് താന്‍ പറഞ്ഞതില്‍ എല്ലാം ഉള്‍പ്പെടുമെന്നും മനുഷ്യജീവനാണ് പ്രധാനം എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.