| Tuesday, 25th August 2015, 4:42 pm

സമരം ഫലംകാണുന്നു: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സമ്മര്‍ദ്ദം ശക്തമായതോടെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പട്ട് വിരമിച്ച മൂന്ന് സൈനികര്‍ നിരാഹാര സമരം അനുഷ്ടിച്ച് വരികയാണ്.

ഇതില്‍ കേണല്‍ പുഷ്‌പേന്ദ്രസിങിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സൈനിക ആശുപത്രിയിലെ തീവ്ര വരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സമരത്തിലിരിക്കുന്നവരുടെ ആരോഗ്യസ്ഥിതി മോശമായതോടെ സമ്മര്‍ദ്ധമേറിയ സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു അതേസമയം കേണലിന്റെ ആരോഗ്യ നില ഇപ്പോള്‍ മെച്ചപ്പെട്ട് വരികയാണ്.

കേണല്‍ പുഷ്‌പേന്ദ്രസിങ്, ഹവെല്‍ദാര്‍ മേജര്‍ സങ്, ഹവെല്‍ദാര്‍ അശോക് ചൗഹാന്‍ എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെ പദ്ധതി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നുവെങ്കിലും എന്ന് നടപ്പിലാക്കുമെന്ന കൃത്യത പ്രഖ്യാപനത്തിന് ഉണ്ടായിരുന്നില്ല. 20 ലക്ഷം വിമുക്തഭടന്‍മാരും ആറ് ലക്ഷത്തിലധികം സൈനിക വിധവകളുമാണ് ഈ പദ്ധതികളുടെ ഗുണഭോക്താക്കളായുള്ളത്.

ഈവ പദ്ധതിപ്രകാരം വിരമിച്ച തീയ്യതിയുടെ അടിസ്ഥാനത്തിലല്ലാതെ ഓരേ റാങ്കില്‍ ഓരേ കാലയളവില്‍ സര്‍വ്വീസിലുണ്ടായിരുന്നവര്‍ക്ക് തുല്യ പെന്‍ഷനാണ് ഈ സംവിധാനം വഴി ലഭ്യമാവുക. നിലവില്‍ സൈനികര്‍ വിരമിച്ച സമയത്തെ പേ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പെന്‍ഷന്‍ നല്‍കിവരുന്നത്. അതേസമയം പാകിസ്ഥാനുമായുള്ള 1965 ലെ യുദ്ധത്തിന്റെ 50 ാം വാര്‍ഷിക ദിനമായ ആഗസ്ത് 28 ന് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

We use cookies to give you the best possible experience. Learn more