പൊലീസിലെ സംഘപരിവാര്‍ അനുകൂലികളുടെ വിവരങ്ങള്‍ അഭ്യന്തര വകുപ്പ് ശേഖരിക്കുന്നു
Daily News
പൊലീസിലെ സംഘപരിവാര്‍ അനുകൂലികളുടെ വിവരങ്ങള്‍ അഭ്യന്തര വകുപ്പ് ശേഖരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th December 2016, 9:16 am

pol

 


യു.എ.പി.എ, ദേശീയഗാന വിവാദത്തില്‍ അറസ്റ്റ്, മാവോയിസ്റ്റ് ആരോപണങ്ങള്‍, ശശികലയ്‌ക്കെതിരായ പരാതി കൈകാര്യം ചെയ്തതടക്കം നിരവധി സംഭവങ്ങളാണ് പൊലീസില്‍ സംഘപരിവാര്‍ വിധേയത്വം വര്‍ദ്ധിച്ചതിനുള്ള തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


തിരുവനന്തപുരം:  കേരള പൊലീസിലെ സംഘപരിവാര്‍ അനുഭാവികളായുള്ളവരുടെ വിവരങ്ങള്‍ സംസ്ഥാന അഭ്യന്തര വകുപ്പ് പരിശോധിക്കുന്നു. ഇടതു സംഘടനയായ പൊലീസ് അസോസിയേഷനാണ് അഭ്യന്തര വകുപ്പിനായി വിവരങ്ങള്‍ ശേഖരിക്കുന്നത്.

യു.എ.പി.എ, ദേശീയഗാന വിവാദത്തില്‍ അറസ്റ്റ്, മാവോയിസ്റ്റ് ആരോപണങ്ങള്‍, ശശികലയ്‌ക്കെതിരായ പരാതി കൈകാര്യം ചെയ്തതടക്കം നിരവധി സംഭവങ്ങളാണ് പൊലീസില്‍ സംഘപരിവാര്‍ വിധേയത്വം വര്‍ദ്ധിച്ചതിനുള്ള തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സംഘപരിവാര്‍ വിധേയത്വമുള്ളവരുടെ വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം നല്‍കാനാണ് നിര്‍ദേശം. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോ, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയോ അറിയാതെ സംഭവക്കുന്ന പൊലീസിന്റെ നീക്കങ്ങള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

പൊലീസിന്റെ പല നടപടികളും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റും വിലയിരുത്തിയിരുന്നു.


Read more: കേരളത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആര്‍.എസ്.എസ് ആയുധ പരിശീലനം നടത്തുന്നതിന്റെ തെളിവുകള്‍ പുറത്ത്; പങ്കെടുക്കുന്നത് 13 വയസുമുതലുള്ളവര്‍


സമാന്തരമായി ഓരോ ഏരിയാ കമ്മിറ്റികള്‍ക്ക് കീഴിലുള്ള സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പാര്‍ട്ടി തലത്തിലും സ്വീകരിക്കുന്നുണ്ട്. ഇപ്പോള്‍ പല സ്റ്റേഷനുകളിലെയും ക്രമസമാധാന ചുമതലയിലുള്ള സി.ഐമാരും എസ്.ഐമാരും കടുത്ത സംഘപരിവാര്‍ അനുകൂലികളാണെന്നാണ് വിലയിരുത്തല്‍.

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലകളില്‍ നിന്നും മാറ്റാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ചില ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പോലീസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് അനുഭാവികളായ പോലിസുകാര്‍ അസോസിയേഷന്‍ രൂപവത്കരിച്ച് മത്സരിക്കാന്‍ ഒരുങ്ങിയിരുന്നു. ഇത്തരം നീക്കങ്ങള്‍ തടയുകയെന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ട്.

കേരള പൊലീസ് സംഘപരിവാര്‍ നയമാണ് നടപ്പിലാക്കുന്നതെന്ന ആരോപണം ശക്തമായിരുന്നു. ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരടക്കം പ്രതികളാകുന്ന സംഭവങ്ങളില്‍ കേസെടുക്കാന്‍ മടിക്കുന്ന പൊലീസ് ഇത്തരക്കാരുടെ പരാതിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയടക്കം വേട്ടയാടുന്ന സാഹചര്യമാണുള്ളത്.


Related: ‘പൊലീസിലെ കാവിവത്കരണം ആരോപണമല്ല, വസ്തുതയാണ്; ഇതാ തെളിവുകള്‍’ കേരളമുഖ്യമന്ത്രിക്ക് മാധ്യമപ്രവര്‍ത്തകയുടെ തുറന്ന കത്ത്