തിരുവനന്തപുരം: കടുത്ത എതിർപ്പിനെ തുടർന്ന് വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ. നിലവിലെ ഭേദഗതിയിൽ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. വനനിയമ ഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തിൽ സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്. കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വനനിയമ ഭേദഗതിയിൽ സര്‍ക്കാരിന് വാശിയില്ലെന്നും നിയമ ഭേഗതി വേണ്ടെന്ന് വെക്കാനാണ് തീരുമാനമെന്നും പിണറായി വിജയൻ പറഞ്ഞു. ഒക്ടോബറിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു വനനിയമ ഭേദഗതി നടത്താൻ തീരുമാനിച്ചത്. ആ സമയത്ത് തന്നെ മലയോര മേഖലയിൽ നിന്നുള്ളവരും ക്രൈസ്തവ സംഘടനകളും പ്രതിഷേധവുമായി വന്നിരുന്നു. എന്നാൽ അന്ന് സർക്കാർ പിന്നോട്ട് പോയിരുന്നില്ല. എന്നാൽ സമരം ശക്തമായതോടെയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വരുന്നതിനാലും സർക്കാർ അയഞ്ഞിരിക്കുകയാണ്.
ജനങ്ങളെ ആശങ്കയിൽ ആക്കുന്ന ഒരു ഭേദഗതിയും ഈ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘1961ലെ വനനിയമത്തിൽ ഭേദഗതി തുടങ്ങുന്നത് 2013ലാണ്. യു.ഡി.എഫ് ഭരണകാലത്താണ് അത് തുടങ്ങിയത്. നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ സരോജിനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണ്. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിന് പ്രധാന തടസമായി നിൽക്കുന്നത് കേന്ദ്ര നിയമമാണ്. 38863 ചതുരശ്ര കിലോ മീറ്റര്‍ ആണ് കേരളത്തിൽ വനം. ജന സാന്ദ്രതയും ഭൂമി ശാസ്ത്ര രീതികളും കണക്കിൽ എടുത്താകണം എല്ലാ നിയമങ്ങളും നടപ്പാക്കേണ്ടത്. അതേസമയം,വനം സംരക്ഷിക്കപ്പെടുകയും വേണം. ജനങ്ങളെ ആശങ്കയിൽ ആക്കുന്ന ഒരു ഭേദഗതിയും ഈ സർക്കാരിന്‍റെ കാലത്ത് ഉണ്ടാകില്ല. നിയമ ഭേദഗതി സർക്കാർ തുടരില്ല ,’ പിണറായി വിജയൻ പറഞ്ഞു.
വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിന് പ്രധാന തടസമായി നില്‍ക്കുന്നത് 1972ലെ കേന്ദ്രനിയമം തന്നെയാണ്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11(1) എയും അത് പ്രകാരം വന്യ ജീവികളെ നേരിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയമങ്ങളുമാണ്. 1972ലെ പ്രസ്തുത കേന്ദ്രനിയമം ഭരണഘടനയുടെ 252-ാം അനുച്ഛേദ പ്രകാരം പാര്‍ലമെന്‍റ് പാസാക്കിയിട്ടുള്ളതാണ്. അത് ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രം സാധിക്കുന്നതല്ല. ക്രിമിനല്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അക്രമണകാരികളായ വന്യ മൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ നിലവില്‍ സാദ്ധ്യമല്ലാത്ത സ്ഥിതിയാണെന്നും പിണറായി വിജയൻ പറഞ്ഞു.
വനനിയമത്തിന്റെ സെക്ഷൻ 27, 62 വകുപ്പുകൾ പ്രകാരം വനത്തിനുള്ളിൽ പ്രവേശിക്കുകയോ വിറക് ശേഖരിക്കുകയോ ചെയ്‌താൽ 1000 രൂപ വരെയായിരുന്നു വനം വകുപ്പിന് ചുമത്താവുന്ന പിഴ. ഇത്തരം കാര്യങ്ങളിൽ വനംവകുപ്പ് പലപ്പോഴും പിഴ ചുമത്തിയിരുന്നില്ല. പുതിയ നിയമം വരുന്നതോടെ പിഴ 25,000 രൂപയായി ഉയരും.
വനത്തിലൂടെ സഞ്ചരിക്കുന്നതും വനാതിർത്തികളിലൂടെ ഒഴുകുന്ന പുഴയിൽ കുളിക്കുന്നതും മീൻ പിടിക്കുന്നതും വളർത്തുമൃഗങ്ങളെ മേയ്ക്കുന്നതും വലിയ പിഴ ചുമത്താവുന്ന കുറ്റകൃത്യങ്ങളായി മാറും. വനത്തിനുള്ളിൽ അനുമതിയില്ലാതെ പ്രവേശിപ്പിച്ചാൽ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും പുതിയ നിയമം വനംവകുപ്പിന് നൽകുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ റാങ്കിൽ കുറയാത്ത ഏതെങ്കിലും ഫോറസ്റ്റ് ഓഫീസർക്ക് മജിസ്ട്രേറ്റിൻ്റെ ഉത്തരവില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തിൽ വനത്തിൽ നിന്ന് ആരെയും അറസ്റ്റുചെയ്‌ത് തടങ്കലിൽ വെയ്ക്കാം. വനംവകുപ്പ് വാച്ചർമാർക്കു വരെ അറസ്റ്റിന് അനുമതി നൽകുന്ന വ്യവസ്ഥകളുമുണ്ട്.
Content Highlight: Government to drop Forest Act Amendment; The Chief Minister’s decision not to go ahead followed fierce opposition