| Wednesday, 3rd October 2018, 8:54 pm

ഏഴ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കേന്ദ്ര സര്‍ക്കാര്‍ നാളെ നാടുകടത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏഴ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യ വ്യാഴാഴ്ച മ്യാന്‍മാറിലേക്ക് നാടുകടത്തും. 2012 മുതല്‍ ഇന്ത്യയില്‍ കഴിയുന്നവരാണ് ഇവര്‍. മണ്ണിപ്പൂരിലെ മൊറേഹ് അതിര്‍ത്തിയില്‍ വെച്ച് മ്യാന്‍മാര്‍ അധികൃതര്‍ക്ക് ഇവരെ കൈമാറുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ തിരിച്ചയക്കുന്ന ആദ്യത്തെ അഭയാര്‍ത്ഥി സംഘമാണിത്.

നിലവില്‍ അസ്സമിലെ സില്‍ചാര്‍ തടവുകേന്ദ്രത്തിലാണ് ഈ അഭയാര്‍ത്ഥികളുള്ളത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുള്ള നിലപാടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

അഭയാര്‍ത്ഥികളെ നിര്‍ബന്ധപൂര്‍വ്വം തങ്ങള്‍ വേട്ടയാടപ്പെടുന്ന സ്ഥലത്തേക്ക് പറഞ്ഞയക്കരുതെന്ന് യു.എന്‍ നിയമമുള്ളപ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം.
ഐക്യരാഷ്ട്രസഭയുടെ നോണ്‍-റിഫൗള്‍മെന്റ് തത്വങ്ങള്‍ പ്രകാരം ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന അഭയാര്‍ത്ഥികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കരുതെന്നാണ്. അഭയാര്‍ത്ഥി വിഷയത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയിലെ കീഴ്വഴക്കമായി ഇത് മാറിയിരിക്കുകയാണ്. അഭയാര്‍ത്ഥി കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചിട്ടില്ലെങ്കിലും ബാധകമാവും.

അതേ സമയം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തുന്നതിനെതിരെ അടിയന്തരവാദം കേള്‍ക്കണമെന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ ആവശ്യം സുപ്രീംകോടതി ഇന്ന് നിഷേധിക്കുകയാണ് ചെയ്തത്.

We use cookies to give you the best possible experience. Learn more