[share]
[] തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പത്മതീര്‍ത്ഥക്കുളം ശുദ്ധീകരിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ക്ഷേത്രത്തിലെ പത്മതീര്‍ത്ഥക്കുളവും അടുത്തുള്ള മിത്രാനന്ദപുരം കുളവും ശുദ്ധീകരിക്കാനുള്ള പദ്ധതികള്‍ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ ഒറ്റത്തവണ മാത്രമേ ക്ഷേത്രത്തിന്റെ ശുദ്ധീകരണ ചെലവ് വഹിക്കുകയുള്ളുവെന്നും തുടര്‍ന്നുള്ള ചിലവ് ക്ഷേത്രം ഭരണാധികാരികള്‍ ഏറ്റെടുക്കണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വാട്ടര്‍ അതോറിറ്റി മുഖേന ശുദ്ധീകരണം നടത്താന്‍ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച വിവരങ്ങള്‍ കോടതിയെ അറിയിക്കും- അദ്ദേഹം പറഞ്ഞു.
5.65 കോടി രൂപയാണ് മിത്രാനന്ദപുരം കുളം ശുദ്ധീകരണത്തിനുള്ള എസ്റ്റിമേറ്റ്. പത്മതീര്‍ത്ഥകുളം ശുദ്ധീകരണത്തിന് 65 ലക്ഷം രൂപയുടേതാണ് എസ്റ്റിമേറ്റ്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായുള്ള അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ പെട്ടെന്നുള്ള തീരുമാനം.
ക്ഷേത്രഭരണ സമിതിക്കെതിരെ ഗൗരവമേറിയ ആരോപണങ്ങളടങ്ങിയ എണ്ണൂറോളം പേജുകള്‍ വരുന്ന റിപ്പോര്‍ട്ട് ജസ്റ്റിസ് ആര്‍.എം. ലോധയ്ക്ക് അമിക്കസ് ക്യൂറി കൈമാറിയിരുന്നു. പത്മതീര്‍ഥ കുളവും മിത്രാനന്ദപുരം കുളവും വളരെ ശോചനീയമായ അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്മതീര്‍ഥ കുളം ശുചീകരിക്കുന്നതിനുളള ടെന്‍ഡര്‍ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതായും അമിക്കസ് ക്യൂറി കുററപ്പെടുത്തിയിരുന്നു.