ന്യൂദല്‍ഹി: അഞ്ച് മാസത്തെ അവഗണനകള്‍ക്ക് ശേഷം അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദ്ുല്‍ കലാമിന് സ്മാരകം നിര്‍മ്മിക്കാനൊരുങ്ങുന്നു. കലാമിനെ സംസ്‌കരിച്ച രാമേശ്വരത്തിനടുത്തുള്ള പേയ് കറുമ്പ് മൈതാനത്താണ് സ്മാരകം നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നത്.
നേരത്തെ കലാമിനെ സംസ്‌കരിച്ചയിടം നായ്ക്കളും കാലികളും മേഞ്ഞ് അനാഥമായിക്കിടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേകുറിച്ചുള്ള ആശങ്കകള്‍ കലാമിന്റെ ബന്ധുക്കള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും പരസ്പരം പഴിചാരുകയാണുണ്ടായത്.
കലാം നേരത്തെ നേതൃത്വം നല്‍കിയിരുന്ന ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷനാണ് സ്മാരക നിര്‍മ്മാണത്തിനുള്ള ചെലവ് വഹിക്കുക. അതിനായി ഔദ്യോഗിക സംഘത്തെ നിര്‍മ്മാണ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ആദ്യമായി മൈതാനത്തിന് ചുറ്റും മതില്‍ കെട്ടി സ്ഥലത്തിന്റെ പവിത്രത സംരക്ഷിക്കുമെന്ന് മുതിര്‍ന്ന ഡി.ആര്‍.ഡി.ഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം ഭൂമി കേന്ദ്രസര്‍ക്കാരിന് ഇതുവരെ കൈമാറിയിട്ടില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഈ ആരോപണം നിഷേധിച്ചു. സ്മാരക നിര്‍മ്മാണത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി സ്മാരക നിര്‍മ്മാണത്തിനായി രണ്ട് ഏക്കര്‍ സ്ഥലം കൂടി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 1.5 ഏക്കര്‍ സ്ഥലമാണുള്ളത്.
കലാമിന് ഉചിതമായ സ്മാരകം രൂപകല്പന ചെയ്യുന്നതിനായി യോഗ്യനായ ആര്‍ക്കിടെക്റ്റിനെ സര്‍ക്കാര്‍ അന്വേഷിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാമേശ്വരത്തുള്ള സ്മാരകത്തിന് പുറമെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ആസ്ഥാനത്തും ഒരു സ്മാരകം നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.