ന്യൂദല്‍ഹി: ദല്‍ഹി ഓര്‍ഡിനന്‍സ് ബില്ലിന് പകരമുള്ള ദല്‍ഹി സര്‍വീസ് ബില്‍ തിങ്കളാഴ്ച സര്‍ക്കാര്‍ രാജ്യസഭയില്‍ കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ട്. ചര്‍ച്ചക്ക് ശേഷം ബില്‍ പാസാക്കുന്നതിനുള്ള വോട്ടെടുപ്പ് അന്ന് വൈകുന്നേരം തന്നെ നടക്കുമെന്നാണ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
‘ദല്‍ഹി സര്‍വീസ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ കൊണ്ടുവരും. ചര്‍ച്ചക്ക് ശേഷം ബില്‍ പാസാക്കുന്നതിനുള്ള വോട്ടെടുപ്പ് അന്ന് വൈകുന്നേരം തന്നെ നടക്കും’ ചില വൃത്തങ്ങള്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി പ്രതിപക്ഷത്ത് നിന്നും ചര്‍ച്ചക്ക് നേതൃത്വം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ദല്‍ഹി ഓര്‍ഡിനന്‍സ് ബില്ലില്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നത് സിങ്‌വി ആയിരുന്നു.
വെള്ളിയാഴ്ച, ദല്‍ഹി സര്‍വീസ് ബില്‍ ലോക്സഭ പാസാക്കിയിരുന്നു. സഭയില്‍ ബില്‍ പാസാക്കിയതിന് പിന്നാലെ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ സഭയില്‍ നിന്നും വാക്കൗട്ട് ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു ബില്‍ അവതരിപ്പിച്ചത്. ദല്‍ഹിയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിന് അവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീം കോടതി ഉത്തരവിനെയാണ് ബില്‍ സൂചിപ്പിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.
‘ദല്‍ഹിയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിന് അവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീം കോടതി ഉത്തരവിനെയാണ് ബില്‍ സൂചിപ്പിക്കുന്നത്. ദല്‍ഹിക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥ ഭരണഘടനയിലുണ്ട്,’ അമിത് ഷാ പറഞ്ഞു.
ബില്‍ പാസാക്കിയതിനെ വിമര്‍ശിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു. ദല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് ബി.ജെ.പി നേരത്തെ വാക്ക് നല്‍കിയിരുന്നെന്നും എന്നാല്‍ ദല്‍ഹിയിലെ ജനങ്ങളെ പുറകില്‍ നിന്നും കുത്തുകയാണ് ബി.ജെ.പി ചെയ്തിരിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
‘ദല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് ബി.ജെ.പി ആവര്‍ത്തിച്ച് വാഗ്ദാനം നല്‍കിയിരുന്നു. 2014ല്‍ പ്രധാനമന്ത്രിയായാല്‍ ദല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് നരേന്ദ്ര മോദി തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ദല്‍ഹിയിലെ ജനങ്ങളെ ബി.ജെ.പി പുറകില്‍ നിന്ന് കുത്തിയിരിക്കുകയാണ്. മോദിയെ വിശ്വസിക്കരുത്,’ എന്നായിരുന്നു കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യന്‍ ജനാധിപത്യം പാര്‍ലമെന്റില്‍ കൊലചെയ്യപ്പെട്ടെന്നായിരുന്നു ആം ആദ്മി നേതാവ് സഞ്ജയ് സിങ്ങിന്റെ പ്രതികരണം.