|

പൊതുസ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള പ്രചരണം; ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ സര്‍ക്കാരിന്റെ ചട്ടഭേദഗതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ ബാനറുകളും ബോര്‍ഡുകളും സ്ഥാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ഹൈക്കോടതി ഉത്തരവുകളില്‍ നിയമ ചട്ടഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍.

ഹൈക്കോടതി ഉത്തരവുകളുടെ അന്തസത്ത ഉള്‍ക്കൊണ്ടും സുരക്ഷയ്ക്ക് ഭീഷണി ഇല്ലാതെയുമായിരിക്കും തീരുമാനം നടപ്പിലാക്കുകയെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നിയസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമവിരുദ്ധം അല്ലാത്ത സാധനസാമഗ്രികള്‍ ഉപയോഗിച്ചുള്ള പ്രചരണം നടത്താനായിരിക്കും നിയമഭേദഗതി. ഇതിനായി ചെറിയ തോതില്‍ ഫീസീടാക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഭേദഗതിക്കായി പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

നിയമസഭയില്‍ എം.എല്‍.എ ഇ.കെ. വിജയന്‍ ഹൈക്കോടതി ഉത്തരവുകളില്‍ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രദ്ധ ക്ഷണിച്ചതിനെ തുടര്‍ന്ന് മന്ത്രി മറുപടി നല്‍കുകയായിരുന്നു.

നേരത്തെ കൊല്ലത്ത് നാഷണല്‍ ഹൈവേയില്‍ അടക്കം ബാനറുകളും മറ്റും സ്ഥാപിച്ച് നടന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെ പൊതുറോഡുകളില്‍ കൊടിതോരണങ്ങള്‍ നാട്ടിയതിനും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനും സി.പി.ഐ.എമ്മിന് കൊല്ലം കോര്‍പ്പറേഷന്‍ പിഴയിടുകയും ചെയ്തിരുന്നു.

നിയമത്തിന് മുകളിലാണ് തങ്ങളെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിചാരിക്കുന്നതെന്നും സര്‍ക്കാര്‍ അതിന് കുട പിടിക്കുകയാണെന്നുമാണ് കോടതി വിമര്‍ശിച്ചത്. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തെ പരോക്ഷമായി ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനം സ്വീകരിച്ചിട്ടുണ്ടോ എന്ന് ചോദിച്ച കോടതി, ‘നവകേരളം ശുചിത്വ കേരളം’ എന്ന സര്‍ക്കാരിന്റ തന്നെടാഗ് ലൈനുകള്‍ നടപ്പിലാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Content Highlight: Government to amend rules to bypass High Court order