Daily News
സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാര്‍ കൂടുതല്‍ അച്ചടക്ക നടപടിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Sep 23, 02:20 pm
Tuesday, 23rd September 2014, 7:50 pm

money01[]തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ കൂടുതല്‍ അച്ചടക്ക നടപടി എടുത്തേക്കും. ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ലെന്ന ധനവകുപ്പിന്റെ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നാളെ മന്ത്രി സഭായോഗം ചേരുന്നത്.

ഓട്ടോ-ടാക്‌സി നിരക്ക് വര്‍ദ്ധന സംബന്ധിച്ച് തീരുമാനവും നാളത്തെ മന്ത്രി സഭാ യോഗം ചര്‍ച്ച ചെയ്യും. കഴിഞ്ഞ യോഗത്തില്‍ തീരുമാനിച്ച നികുതി വര്‍ദ്ധന നടപ്പാക്കാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ പരിഗണിക്കും.

ഒക്ടോബര്‍ മാസത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശബളവും പെന്‍ഷനും നല്‍കാനുള്ള 2500 കോടി രൂപ കണ്ടെത്താന്‍ അടിയന്തിര നടപടി വേണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തന്നെയാവും മന്ത്രി സഭ യോഗത്തിലെ മുഖ്യ ചര്‍ച്ചാ വിഷയം.

ഭരണച്ചിലവ് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ച് ദിവസമായി പരിമിതപ്പെടുത്തുന്നതിനുള്ള നിര്‍ദേശവും മന്ത്രിസഭ പരിഗണിക്കും.