| Thursday, 9th May 2019, 8:11 pm

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പ്; സര്‍ക്കാര്‍ നിയമോപദേശം തേടും; സന്തോഷകരമായ തീരുമാനമുണ്ടാകുമെന്നും മന്ത്രി കടകംപള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമോപദേശം തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തില്‍ നാളെ ഉച്ചയോടെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആന ഉടമകളുടെ പ്രശ്‌നം വനംവകുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. ഉടമകള്‍ക്കും തൃശ്ശൂരിലെ ജനങ്ങള്‍ക്കും സന്തോഷകരമായ ഒരു തീരുമാനത്തിലെത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ആനകളെ തൃശ്ശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്നതുമായി നിയമവിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിക്കൊണ്ട് കലക്ടറോ വനം വകുപ്പോ ഇതുവരെ ഒരു ഉത്തരവും ഇറക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാരുമായി രണ്ട് മണിക്കൂറോളമാണ് ആനഉടമകള്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ച ആശാവഹമാണെന്ന് ആന ഉടമകള്‍ പറഞ്ഞു.  തൃശൂര്‍ പൂരത്തിനെന്നല്ല ഇനിയൊരു ഉത്സവത്തിനും പരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്ന് കേരള എലിഫെന്റ് ഓണേഴ്സ് അസോസിയേഷന്‍ കഴിഞ്ഞദിവസം നിലപാടെടുത്തിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കുന്നതില്‍ നിന്നും വിലക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം.

മെയ് 11 മുതല്‍ ഒരു ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്നായിരുന്നു സംഘടനയുടെ നിലപാട്. ഉത്സവ ആഘോഷങ്ങള്‍ സുഗമമായി നടത്താന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഒരു തീരുമാനമുണ്ടാകുംവരെ ആനകളെ പരിപാടികളില്‍ എഴുന്നള്ളിക്കേണ്ടെന്നാണ് തീരുമാനമെന്ന് ആന ഉടമസ്ഥരുടെ ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

ഉത്സവം എന്നത് നാടിന്റെ ആഘോഷമാണ്. അത് ആന ഉടമയ്ക്ക് കാശുണ്ടാക്കാന്‍ വേണ്ടി മാത്രമല്ല. ആനകളെ എഴുന്നള്ളിക്കുന്നത് കോടികള്‍ സമ്പാദിക്കുന്ന മാഫിയയാണ് എന്ന തരത്തില്‍ ചിത്രീകരിക്കുകയാണ് വനംവകുപ്പ് ചെയ്തത്. ഞങ്ങളെ യോഗത്തില്‍ വിളിച്ച് എടുത്ത തീരുമാനത്തിന് വിരുദ്ധമായ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് അപമാനിക്കുകയാണ് വനംവകുപ്പ് ചെയ്തതെന്നും സംഘടന ആരോപിച്ചിരുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തില്‍ എഴുന്നള്ളിക്കാന്‍ അനുവദിക്കില്ലെന്ന സൂചന നല്‍കുന്ന രീതിയില്‍ വനംമന്ത്രി കെ. രാജു കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആന ഉടമകളുടെ പ്രഖ്യാപനം.

‘തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയ്ക്കു രേഖകള്‍ പ്രകാരം 54 വയസ്സ് കഴിഞ്ഞഥായി കാണുന്നുണ്ടെങ്കിലും അതിന് അതിലേറെ പ്രായമുള്ളതായി പരിശോധനയില്‍ മനസിലായിട്ടുണ്ട്. അതു ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതും പ്രായം ചെന്നതുകാരണം സാധാരണ നിലയിലുള്ള കാഴ്ചശക്തി ഇല്ലാത്തതുമാണ്. വലതുകണ്ണിനു തീരെ കാഴ്ചയില്ലാത്തതിനാല്‍ ഒറ്റക്കണ്ണുകൊണ്ട് പരിസരം കാണേണ്ട അവസ്ഥയിലുള്ള ഈ ആനയെ അമിതമായി ജോലിഭാരം ഏല്‍പ്പിച്ചുകൊണ്ട് ഉടമസ്ഥര്‍ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. ‘ എന്നായിരുന്നു മന്ത്രിയുടെ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയത്.

‘ഈ വിഷയം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വലിയതോതിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. എത്ര അപകടകാരിയായ ആനയായാലും അതിനെ എഴുന്നെള്ളിച്ച് കോടികള്‍ സമ്പാദിക്കണമെന്ന് ആഗ്രഹമുള്ള, ജനങ്ങളുടെ ജീവന് അല്‍പ്പവും വില കല്‍പ്പിക്കാത്ത നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍. ഇത് മനസ്സിലാക്കി ജനങ്ങള്‍ ഇത്തരം വ്യാജപ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്നും മന്ത്രി പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more