| Wednesday, 4th September 2019, 3:21 pm

തൊഴിലില്ലായ്മ പരിഹരിക്കാനായില്ല; മോദി സര്‍ക്കാറിന്റെ മുദ്ര വായ്പാ പദ്ധതി വന്‍ പരാജയമെന്ന് സര്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പോംവഴിയായി നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടുവെച്ച മുദ്ര വായ്പാ പദ്ധതി പരാജയമാണെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍. വായ്പയെടുത്തവരില്‍ 20 ശതമാനം അളുകള്‍ക്കാണ് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യ ടുഡെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

80 ശതമാനം ആളുകള്‍ നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കാനാണ് പദ്ധതി ഉപയോഗപ്പെടുത്തിയത്. പദ്ധതി നടപ്പാക്കിയ 2015 ഏപ്രില്‍ മുതല്‍ 2017 വരെ ഒരു കോടി അധിക തൊഴിലുകള്‍ മാത്രമാണ് സൃഷ്ടിക്കാന്‍ കഴിഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തിക രംഗത്തെ വെല്ലുവിളികള്‍ക്കിടെ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 2019 മാര്‍ച്ച് 27നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ ലേബര്‍ ബ്യൂറോ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണിത്. സേവന, വ്യാപാര മേഖലയിലാണ് പുതിയ തൊഴില്‍ കൂടുതലായി ഉണ്ടായത്.

2015 ഏപ്രില്‍ മുതല്‍ 2017 ഡിസംബര്‍ വരെ പദ്ധതി നടപ്പാക്കിയ ആദ്യ 33 മാസ കാലയളവില്‍ 1.12 കോടി തൊഴിലുകള്‍ മാത്രമാണ് സൃഷ്ടിച്ചത്. ഇതില്‍ 51.06 ലക്ഷം സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ്. 60.94 ലക്ഷം പേര്‍ തൊഴിലാളികളും. പദ്ധതി പ്രകാരം നല്‍കിയ വായ്പയുടെ പത്തുശതമാനം മാത്രമാണ് അധിക തൊഴില്‍ സൃഷ്ടിക്കുന്നതിന് ഉപയോഗിക്കപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വായ്പയെടുത്ത 94,375 പേരെയാണ് സര്‍വേയ്ക്കായി കണ്ടത്. ഇതില്‍ 19,396 ആളുകളാണ് പുതിയ സംരംഭം തുടങ്ങാന്‍ വായ്പാ തുക വിനിയോഗിച്ചത്. അതായത് 20 ശതമാനം ആളുകള്‍.

രണ്ടു വര്‍ഷത്തിനിടെ 12.27 കോടി ബാങ്ക് അക്കൗണ്ടുകള്‍ മുഖേന 5.71 ലക്ഷം കോടി രൂപയാണ് മൂന്ന് വിഭാഗങ്ങളിലായി വായ്പ നല്‍കിയത്. 1.12 കോടി തൊഴിലുകളാണ് ഈ വായ്പാ തുക കൊണ്ട് സൃഷ്ടിക്കാനായത്. അതായത് 11 വായ്പകളില്‍ നിന്ന് ഒരു തൊഴില്‍.

2015ല്‍ ഏപ്രിലില്‍ ഒന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുദ്ര ലോണ്‍ യോജനയ്ക്ക് തുടക്കമിട്ടത്. അന്നത്തെ സര്‍ക്കാരിന്റെ പ്രധാന പദ്ധതികളില്‍ ഒന്നായിരുന്നു ഇത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംരംഭകത്വ പദ്ധതിയുമായാണ് മുദ്ര അവതരിപ്പിക്കുന്നത്. പദ്ധതി പ്രകാരം ഒരാള്‍ക്ക് പൊതുമേഖല-സവകാര്യ മേഖല ബാങ്കുകളില്‍ നിന്നും മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനങ്ങളില്‍ നിന്നും 50000 രൂപമുതല്‍ 10 ലക്ഷം വരെ വായ്പകള്‍ ലഭിക്കും.

ALSO WATCH

Latest Stories

We use cookies to give you the best possible experience. Learn more