ന്യൂദല്‍ഹി: വിവാദ പ്രസംഗത്തില്‍ സി.പി.ഐ.എം മുന്‍ ഇടുക്കി ജില്ലാസെക്രട്ടറി എം.എം മണി സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിക്കെതിരെ സര്‍ക്കാര്‍ തടസ്സ ഹരജി നല്‍കി. മണിയുടെ ഹരജി പരിഗണിക്കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. തടസ്സ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു.
തൊടുപുഴയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ സമര്‍പ്പിച്ച ഹരജി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മണി സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മണി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്ത നിയമനടപടി റദ്ദാക്കണമെന്ന മണിയുടെ ആവശ്യം കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
കേസില്‍ മണിയെ കഴിഞ്ഞദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്ന മണി കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഡി.വൈ.എസ്.പി ഓഫീസിലെത്തി മൊഴി നല്‍കുകയായിരുന്നു.
രാഷ്ട്രീയ ഏതിരാളികളെ പാര്‍ട്ടി വകവരുത്തിയിട്ടുണ്ടെന്ന മണിയുടെ പ്രസംഗമാണ് വിവാദമായത്. ഇടുക്കിയില്‍ നടന്ന മൂന്ന് കൊലപാതകങ്ങള്‍ അക്കമിട്ട് പറഞ്ഞായിരുന്നു മണിയുടെ പ്രസംഗം. ഇതേ തുടര്‍ന്ന് പാര്‍ട്ടി ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് മണിയെ പുറത്താക്കിയിരുന്നു.