അനാഥാലയ വിവാദം: മുക്കം അനാഥാലയത്തെ പിന്തുണച്ച് സര്‍ക്കാര്‍
Daily News
അനാഥാലയ വിവാദം: മുക്കം അനാഥാലയത്തെ പിന്തുണച്ച് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st October 2014, 11:32 am

mukkam[] തിരുവനന്തപുരം: കോഴിക്കോട് മുക്കം അനാഥാലയത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

മുക്കം അനാഥാലയ മാനേജ്‌മെന്റിനെതിരെ കേസില്ലെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അനാഥാലയത്തിലെ  നാല് ജീവനക്കാര്‍ക്കെതിരെ മാത്രമാണ് കേസുള്ളതെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് കുട്ടികളെ അനാഥാലയത്തിന് കൈമാറിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അനുമതി പ്രകാരമാണ് അനാഥാലയം പ്രവര്‍ത്തിക്കുന്നതെന്നും രജിസ്‌ട്രേഷന്‍ സംബന്ധമായ എല്ലാ കാര്യങ്ങളും നിയമപരമായി പൂര്‍ത്തീകരിച്ചതാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അനാഥാലയ വിവാദത്തില്‍ നേരത്തെ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അമിക്കസ്‌ക്യൂറിയായ അപര്‍ണ ഭട്ടാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

മെയ് 24ന് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്ന 466 ഓളം കുട്ടികളെ പോലീസ് പിടികൂടിയിരുന്നു. പിന്നീട് പരിശോധനയ്ക്ക് ശേഷം മതിയായ രേഖകളില്ലാത്തതിനാല്‍ കുട്ടികളെ നാട്ടിലേക്ക് തിരിച്ചയ്ക്കുകയായിരുന്നു. സംഭവത്തില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അനാഥാലയത്തിനെതിരെ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ കേസ് എടുത്തിരുന്നു.